എച്ച്-1ബി വിസയ്ക്ക് 100,000 ഡോളറിലധികം ഫീസ് ചുമത്താനൊരുങ്ങി ട്രംപ് ഭരണകൂടം; ഐടി മേഖലയിലും വിദഗ്ധ തൊഴിലാളികൾക്കിടയിലും ആശങ്ക

H1 B Visa

വാഷിംഗ്ടൺ: യുഎസിലേക്ക് വിദഗ്ധ തൊഴിലാളികളെ ആകർഷിക്കുന്ന ജനപ്രിയ എച്ച്-1ബി വിസകൾക്ക് (H-1B Visa) 100,000 ഡോളറിലധികം (ഏകദേശം 85 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) പുതിയ ഫീസ് തുക ഔദ്യോഗികമായി നടപ്പിലാക്കാൻ ട്രംപ് ഭരണകൂടം നടപടികൾ ആരംഭിച്ചു. മുൻപ് താൽക്കാലിക ഉത്തരവിലൂടെ ഏർപ്പെടുത്തിയ ഈ ഭീമമായ ഫീസ് കോടതി തടഞ്ഞിരുന്നെങ്കിലും, ഇത് സ്ഥിരമായ നിയന്ത്രണമാക്കാനുള്ള (Rules) നിർദ്ദേശമാണ് ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് പുതിയതായി പുറത്തിറക്കിയത്.

​അമേരിക്കൻ തൊഴിലാളികളുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കാനും സ്വദേശികൾക്ക് മുൻഗണന നൽകാനുമാണ് ഈ നടപടിയെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വാദം. എന്നാൽ, പുതിയ നിയമം ഇന്ത്യയിൽ നിന്നുള്ള ഐടി ജീവനക്കാരെയും ആഗോള സാങ്കേതിക കമ്പനികളെയും ഗവേഷണ സ്ഥാപനങ്ങളെയും സാരമായി ബാധിക്കും.

​സാധാരണയായി 2,000 മുതൽ 5,000 ഡോളർ വരെ മാത്രം പ്രൊസസിംഗ് ഫീസ് ഉണ്ടായിരുന്ന എച്ച്-1ബി വിസയ്ക്കാണ് ലക്ഷക്കണക്കിന് രൂപ അധികമായി കമ്പനികൾ നൽകേണ്ടി വരുന്നത്. കോടതിയിൽ കേസ് നിലനിൽക്കെ തന്നെ ഈ മാറ്റങ്ങൾ സ്ഥിരപ്പെടുത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കം യുഎസ് ടെക് മേഖലയിലും വലിയ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്. 

Tags

Share this story