ക്രിപ്റ്റോ ബിസിനസിലൂടെ ട്രംപിന് കോടികളുടെ വരുമാനം; ഒരൊറ്റ വർഷം നേടിയത് 1.4 ബില്യൺ ഡോളറിലധികം
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ക്രിപ്റ്റോ കറൻസി, ഡിജിറ്റൽ ടോക്കൺ സംരംഭങ്ങളിൽ നിന്ന് കഴിഞ്ഞ വർഷം മാത്രം ലഭിച്ചത് 1.4 ബില്യൺ യു.എസ് ഡോളറിലധികം (ഏകദേശം 11,500 കോടിയിലധികം ഇന്ത്യൻ രൂപ) വരുമാനമെന്ന് ഔദ്യോഗിക രേഖകൾ. യു.എസ് ഓഫീസ് ഓഫ് ഗവൺമെന്റ് എത്തിക്സ് പുറത്തുവിട്ട വാർഷിക സാമ്പത്തിക വിവരങ്ങളടങ്ങിയ റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്.
പതിറ്റാണ്ടുകളായി ട്രംപിന്റെ പ്രധാന വരുമാന മാർഗ്ഗമായിരുന്ന റിയൽ എസ്റ്റേറ്റ്, ഗോൾഫ് റിസോർട്ടുകൾ എന്നിവയിൽ നിന്നുള്ള ലാഭത്തെക്കാൾ വലിയ തുകയാണ് ഇപ്പോൾ ക്രിപ്റ്റോ ബിസിനസിലൂടെ അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. ട്രംപും മക്കളും ചേർന്ന് സ്ഥാപിച്ച 'വേൾഡ് ലിബർട്ടി ഫിനാൻഷ്യൽ' (World Liberty Financial) എന്ന ക്രിപ്റ്റോ സ്ഥാപനത്തിൽ നിന്ന് മാത്രം 500 മില്യൺ ഡോളറിലധികം വരുമാനമുണ്ടായി. കൂടാതെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പതിച്ച 'ട്രംപ് മീം കോയിനുകളുടെ' (Meme Coins) വിൽപനയിലൂടെ 635 മില്യൺ ഡോളറും റോയൽറ്റിയായി ലഭിച്ചിട്ടുണ്ട്.
അമേരിക്കയെ ലോകത്തിന്റെ ക്രിപ്റ്റോ തലസ്ഥാനമാക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനങ്ങൾക്ക് പിന്നാലെയാണ് ഡിജിറ്റൽ അസറ്റുകളിൽ നിന്നുള്ള അദ്ദേഹത്തിന്റെ വ്യക്തിഗത വരുമാനത്തിലും ഈ വൻ വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ട്രംപിന്റെ പരമ്പരാഗത ബിസിനസുകളായ ഫ്ലോറിഡയിലെ മാർ-എ-ലാഗോ റിസോർട്ട് ഉൾപ്പെടെയുള്ളവയിൽ നിന്നും കഴിഞ്ഞ വർഷം വരുമാനത്തിൽ മികച്ച വളർച്ചയുണ്ടായിട്ടുണ്ട്.
