ചൈനയ്ക്ക് അമേരിക്കൻ ആയുധങ്ങൾ വിൽക്കാൻ താല്പര്യം പ്രകടിപ്പിച്ച് ട്രംപ്; വെളിപ്പെടുത്തലുമായി ചൈനയിലെ യുഎസ് അംബാസഡർ

USA

അമേരിക്കൻ നിർമ്മിത ആയുധങ്ങൾ വാങ്ങാൻ താല്പര്യമുണ്ടോ എന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനോട് നേരിട്ട് ചോദിച്ചതായി ചൈനയിലെ യുഎസ് അംബാസഡർ ഡേവിഡ് പെർഡ്യൂ വെളിപ്പെടുത്തി. തായ്‌വാനുള്ള അമേരിക്കൻ ആയുധ വിൽപനയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി ഫോക്സ് ന്യൂസിന് (Fox News) നൽകിയ അഭിമുഖത്തിലാണ് ഡേവിഡ് പെർഡ്യൂ ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പങ്കുവെച്ചത്.

​തായ്‌വാന് 14 ബില്യൺ ഡോളറിന്റെ ആയുധങ്ങൾ നൽകാനുള്ള അമേരിക്കൻ തീരുമാനം ചൈനയെ ചൊടിപ്പിക്കാതിരിക്കാനായി വൈകിപ്പിക്കുകയാണോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു പെർഡ്യൂ. ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്ക് അമേരിക്ക ആയുധങ്ങൾ വിൽക്കാറുണ്ടെന്നും, ഇതിന്റെ ഭാഗമായാണ് ഷി ജിൻപിങ്ങിനോടും ട്രംപ് ആയുധങ്ങൾ വാങ്ങാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.

​അതേസമയം, അമേരിക്കൻ നിയമപ്രകാരം ചൈനയ്ക്ക് ആയുധങ്ങൾ വിൽക്കുന്നതിന് വിലക്കുണ്ടെന്നും നിലവിൽ അങ്ങനെയൊരു പദ്ധതിയോ നിർദ്ദേശമോ നിലവിലില്ലെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും വൈറ്റ് ഹൗസും വ്യക്തമാക്കി.

Tags

Share this story