ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള ഇറാന്റെ ഏഴ് ദിവസത്തെ സമാധാന നിർദ്ദേശം ട്രംപ് തള്ളി

ഹോർമൂസ്

വാഷിംഗ്ടൺ/ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലെ ഉപരോധം നീക്കി ഗതാഗതം പുനഃസ്ഥാപിക്കാനും യുദ്ധം അവസാനിപ്പിക്കാനുമായി ഇറാൻ മുന്നോട്ടുവെച്ച ഏഴ് ദിവസത്തെ സമാധാന കരാർ നിർദ്ദേശം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളി. ഇറാന്റെ നിർദ്ദേശം തങ്ങൾ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം വ്യോമാക്രമണം ശക്തമാക്കാൻ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥരോട് സൂചിപ്പിച്ചതായും വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

​ഖത്തർ മധ്യസ്ഥർ മുഖേനയാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പുതിയ സമാധാന പദ്ധതി യു.എസിന് കൈമാറിയത്. കരാർ ഒപ്പിട്ട് ഏഴ് ദിവസത്തിനകം തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് തുറന്നുനൽകുമെന്നും മേഖലയിലെ സൈനിക നടപടികൾ നിർത്തിവെക്കാമെന്നുമായിരുന്നു ഇറാന്റെ വാഗ്ദാനം. എന്നാൽ ഇറാനെതിരെ ഏർപ്പെടുത്തിയ ഉപരോധങ്ങൾ നീക്കണമെന്നും മരവിപ്പിച്ച ധനശേഖരം വിട്ടുനൽകണമെന്നുമുള്ള ഇറാന്റെ നിബന്ധനകളോട് ട്രംപ് വിയോജിപ്പ് പ്രകടിപ്പിക്കുകയായിരുന്നു.

​ആഗോള എണ്ണ വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിലെ സംഘർഷത്തെ തുടർന്ന് ലോകവിപണിയിൽ ഇന്ധനവില കുത്തനെ ഉയർന്നിട്ടുണ്ട്. ഇറാന്റെ സമാധാന നിർദ്ദേശം ട്രംപ് നിരസിച്ചതോടെ മേഖലയിലെ യുദ്ധാന്തരീക്ഷം കൂടുതൽ സങ്കീർണ്ണമായി തുടരുകയാണ്. 

Tags

Share this story