തടസ്സമായി നിന്നാൽ ഒമാനെ ബോംബെറിഞ്ഞ് തകർക്കും: ട്രംപിന്റെ മുന്നറിയിപ്പ്
ഇറാൻ-യു.എസ് തർക്കത്തിൽ മധ്യസ്ഥത വഹിക്കുകയോ സമാധാന ചർച്ചകൾക്ക് തടസ്സം നിൽക്കുകയോ ചെയ്താൽ ഒമാന് നേരെ സൈനിക ആക്രമണം നടത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട് ഒമാനും ഇറാനും തമ്മിൽ പ്രത്യേക ചർച്ചകൾ നടത്തുന്നതിനിടെയാണ് ഫ്ലോറിഡയിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ട്രംപ് പ്രകോപനപരമായ പരാമർശം നടത്തിയത്.
"അവർ (ഒമാൻ) ഞങ്ങളുടെ നീക്കങ്ങൾക്ക് തടസ്സമായി നിന്നാൽ, അവിടെ ബോംബെറിഞ്ഞ് തകർക്കും" എന്നാണ് ട്രംപ് പ്രതികരിച്ചത്.
ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം പൂർണ്ണമായും തങ്ങളുടെ കൈയിലാക്കാനും ഇറാന് മേലുള്ള സാമ്പത്തിക ഉപരോധം ശക്തമാക്കാനുമാണ് അമേരിക്ക ശ്രമിക്കുന്നത്. ഇതിനിടയിൽ ഗൾഫ് മേഖലയിലെ പരമ്പരാഗത യു.എസ് സഖ്യകക്ഷിയും മധ്യസ്ഥ രാഷ്ട്രവുമായ ഒമാനെതിരെ ട്രംപ് നടത്തിയ പരാമർശം അന്താരാഷ്ട്ര തലത്തിൽ വലിയ നയതന്ത്ര ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
