ഇറാനെ ഇന്ന് രാത്രി 'അതിശക്തമായി' ആക്രമിക്കുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്; ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും പ്രഖ്യാപനം

iran

മധ്യപൂർവേഷ്യയിൽ യു.എസും ഇറാനും തമ്മിലുള്ള വ്യോമാക്രമണങ്ങൾ രണ്ടാം ദിവസവും തുടരുന്നതിനിടെ, ഇറാനെതിരെ അതീവ ഗുരുതരമായ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഇന്ന് രാത്രി ഇറാനെതിരെ 'അതിശക്തമായ' (VERY HARD TONIGHT) ആക്രമണം ഉണ്ടാകുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിലൂടെയാണ്' അദ്ദേഹം ഈ ഭീഷണി മുഴക്കിയത്.

​ഇറാന്റെ നാവികസേന, വ്യോമസേന, റഡാർ സംവിധാനങ്ങൾ, വ്യോമപ്രതിരോധ സംവിധാനങ്ങൾ എന്നിവയെല്ലാം ഇതിനകം തന്നെ തകർന്നുകഴിഞ്ഞതായും ട്രംപ് അവകാശപ്പെട്ടു.

​അതിനൊപ്പം തന്നെ, ഇറാന്റെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന കേന്ദ്രമായ ഖാർഗ് ദ്വീപ് (Kharg Island) ഉൾപ്പെടെയുള്ള എണ്ണ-വാതക അടിസ്ഥാന സൗകര്യങ്ങൾ വരുംദിവസങ്ങളിൽ യു.എസ് പിടിച്ചെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാന്റെ എണ്ണ വിപണിയുടെ പൂർണ്ണ നിയന്ത്രണം വെനിസ്വേലയിൽ ചെയ്തതുപോലെ അമേരിക്ക ഏറ്റെടുക്കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ഒമാൻ തീരത്ത് എണ്ണക്കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ചർച്ചകൾ പൂർണ്ണമായും പ്രതിസന്ധിയിലായ പശ്ചാത്തലത്തിലാണ് ഈ പുതിയ നീക്കം. 

Tags

Share this story