ഇറാനെ പരാജയപ്പെടുത്തിയാൽ ഹോർമുസ് കടലിടുക്ക് അമേരിക്കൻ പ്രദേശമാക്കുമെന്ന് ട്രംപ്; തള്ളി ഇറാൻ
വാഷിങ്‌ടൺ: ഇറാനെതിരായ യുദ്ധത്തിന് ശേഷം തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അമേരിക്കൻ പ്രദേശമായി (US Territory) പ്രഖ്യാപിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ന്യൂയോർക്കിൽ നടന്ന റാലിക്കിടെയാണ് ഇറാനെ കടുത്ത സാമ്പത്തിക-സൈനിക ഉപരോധത്തിലാക്കാൻ ലക്ഷ്യമിട്ട് ട്രംപിന്റെ മുന്നറിയിപ്പ്.
ഇറാനെ പൂർണ്ണമായി പരാജയപ്പെടുത്തിയ ശേഷം ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം യു.എസ് ഏറ്റെടുക്കുമെന്നാണ് ട്രംപ് അവകാശപ്പെട്ടത്. എന്നാൽ ട്രംപിന്റെ പരാമർശം ഒരു തമാശ മാത്രമായിരുന്നു എന്ന് പിന്നീട് ചില മുതിർന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇറാന്റെ മറുപടി:
ട്രംപിന്റെ ഭീഷണിയെ തള്ളി ഇറാൻ രംഗത്തെത്തി. ഹോർമുസ് കടലിടുക്ക് എന്നും ഇറാന്റെ നിയന്ത്രണത്തിൽ തന്നെയായിരിക്കുമെന്നും, കപ്പൽ ഗതാഗതം തുറക്കുന്നതും അടയ്ക്കുന്നതും തെഹ്‌റാന്റെ മാത്രം അധികാരപരിധിയിലുള്ള കാര്യമാണെന്നും ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഗരിബാബതി വ്യക്തമാക്കി. ട്വീറ്റുകൾ കൊണ്ടോ സൈനിക കപ്പലുകൾ കാണിച്ചോ ഹോർമുസ് പിടിച്ചെടുക്കാൻ അമേരിക്കയ്ക്ക് കഴിയില്ലെന്നും ഇറാൻ കൂട്ടിച്ചേർത്തു.
ആഗോള എണ്ണ-വാതക വിതരണത്തിൽ ഏറെ നിർണായകമായ പാതയാണ് ഹോർമുസ് കടലിടുക്ക്.
