ഇറാനിലെ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയും ആക്രമണം വ്യാപിപ്പിക്കുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാൻ ഇറാൻ ചർച്ചയ്ക്ക് തയ്യാറായില്ലെങ്കിൽ വരും ദിവസങ്ങളിൽ ആക്രമണം ശക്തമാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാന്റെ വൈദ്യുതി നിലയങ്ങളും പാലങ്ങളും ഉൾപ്പെടെയുള്ള സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ട് അടുത്ത ആഴ്ച മുതൽ ആക്രമണം വ്യാപിപ്പിക്കുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ ഈ കടുത്ത പരാമർശം.
അടുത്ത ആഴ്ച മുതൽ അവർക്ക് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാകും. പവർ പ്ലാന്റുകളും പാലങ്ങളും ഞങ്ങൾ തകർക്കും. ഇറാൻ ചർച്ചാ മേശയിലേക്ക് വരാൻ തയ്യാറാകാത്ത പക്ഷം ഇവിടുത്തെ മുഴുവൻ ഊർജ്ജ-ഗതാഗത സംവിധാനങ്ങളും യുഎസ് തകർക്കും," ട്രംപ് പറഞ്ഞു.
ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾക്ക് മറുപടിയായാണ് യുഎസ് സൈന്യം നിലവിൽ ആക്രമണം തുടരുന്നത്. നാല് ദിവസമായി തുടരുന്ന വ്യോമാക്രമണങ്ങൾക്ക് പുറമേ ഇറാന്റെ തുറമുഖങ്ങൾക്ക് മേൽ യുഎസ് നാവിക ഉപരോധവും ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ജനവാസ മേഖലകളെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള യുദ്ധം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇത് യുദ്ധക്കുറ്റത്തിന്റെ പരിധിയിൽ വരുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമായതോടെ ആഗോള വിപണിയിൽ അസംസ്കൃത എണ്ണവിലയിലും വൻ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
