ഹോർമൂസ് കടലിടുക്കിലെ നികുതി ഭീഷണി പിൻവലിച്ച് ട്രംപ്; പകരമായി ഗൾഫ് രാജ്യങ്ങൾ അമേരിക്കയിൽ ‘വൻതോതിൽ’ നിക്ഷേപം നടത്തും

ട്രംപ്

വാഷിംഗ്ടൺ: ഹോർമൂസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകൾക്ക് ചുമത്താൻ നിശ്ചയിച്ചിരുന്ന 20 ശതമാനം നികുതി (Reimbursement Fee) ഏർപ്പെടുത്താനുള്ള തീരുമാനം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിൻവലിച്ചു. ഇതിന് പകരമായി ഗൾഫ് രാജ്യങ്ങൾ അമേരിക്കയിൽ വലിയ തോതിലുള്ള വ്യാപാര-നിക്ഷേപ കരാറുകളിൽ ഏർപ്പെടുമെന്ന് ട്രംപ് വ്യക്തമാക്കി.

​പശ്ചിമേഷ്യൻ നേതാക്കളുമായി നടത്തിയ അതീവ ഫലപ്രദമായ ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനമെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴി അറിയിച്ചു. ഹോർമൂസ് കടലിടുക്കിന് സുരക്ഷ ഒരുക്കുന്നതിന് പകരമായി കപ്പലുകളിൽ നിന്ന് 20 ശതമാനം തുക ഈടാക്കുമെന്നായിരുന്നു ട്രംപ് തൊട്ടുമുൻപത്തെ ദിവസം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇതിനെതിരെ ആഗോളതലത്തിൽ വിമർശനങ്ങൾ ഉയർന്നതോടെയാണ് പുതിയ നീക്കം.

ട്രംപിന്റെ പ്രസ്താവനയിൽ നിന്ന്

ഗൾഫ് രാജ്യങ്ങൾ അമേരിക്കയിൽ നടത്താൻ പോകുന്ന നിക്ഷേപങ്ങൾ വളരെ വലുതായിരിക്കും. ഇത് അവരുടെ ഭാവിക്ക് മികച്ചതാണെന്ന് മാത്രമല്ല, അമേരിക്കയിൽ റെക്കോർഡ് വേഗതയിൽ പുതിയ ഫാക്ടറികളും പ്ലാന്റുകളും ഉയർന്നുവരാൻ കാരണമാകും. ദശലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ ഇതുവഴി അമേരിക്കക്കാർക്ക് ലഭിക്കും."

​അതേസമയം, ഇറാനിൽ നിന്നുള്ള കപ്പലുകൾക്കോ ഇറാനുമായി ബന്ധമുള്ള ചരക്കുകൾക്കോ ഹോർമൂസ് കടലിടുക്കിലൂടെയുള്ള യാത്രാ അനുമതി ഉണ്ടായിരിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാന്റെ തുറമുഖങ്ങളിലേക്കും അവിടെ നിന്നുമുള്ളതുമായ കപ്പലുകൾക്ക് യുഎസ് സൈന്യം പൂർണ്ണ ഉപരോധം (Full Blockade) ഏർപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 

Tags

Share this story