ട്രംപിന് വീണ്ടും തിരിച്ചടി; റഷ്യക്കെതിരെ ഉപരോധത്തിനും യുക്രെയ്ന് സഹായത്തിനുമുള്ള ബില്ല് പാസാക്കി യുഎസ് ജനപ്രതിനിധി സഭ

Trump White

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിദേശനയങ്ങൾക്ക് കടുത്ത പ്രഹരമേൽപിച്ചുകൊണ്ട്, യുക്രെയ്ന് സാമ്പത്തിക-സൈനിക സഹായം നൽകാനും റഷ്യക്കെതിരെ പുതിയ സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്താനുമുള്ള നിർണായക ബില്ല് യുഎസ് ജനപ്രതിനിധി സഭ (House of Representatives) പാസാക്കി.

​'യുക്രെയ്ൻ സപ്പോർട്ട് ആക്ട്' (Ukraine Support Act) എന്ന് പേരിട്ടിരിക്കുന്ന ഈ ബില്ല് 195-നെതിരെ 226 വോട്ടുകൾക്കാണ് സഭയിൽ പാസായത്. മാസങ്ങളായി യുഎസ് സഭയിൽ കെട്ടിക്കിടക്കുകയായിരുന്ന ഈ ബില്ല് വോട്ടെടുപ്പിന് എത്തിക്കാൻ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയിലെ തന്നെ ഏതാനും അംഗങ്ങൾ പ്രതിപക്ഷമായ ഡെമോക്രാറ്റുകൾക്കൊപ്പം ചേരുകയായിരുന്നു. 18 റിപ്പബ്ലിക്കൻ ജനപ്രതിനിധികളും ഒരു സ്വതന്ത്രനും ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു.

​യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നടത്തുന്ന നീക്കങ്ങൾക്കും റഷ്യയോടുള്ള അദ്ദേഹത്തിന്റെ മൃദുസമീപനത്തിനും എതിരെയുള്ള സഭയുടെ ശക്തമായ നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. യുക്രെയ്ന് യുദ്ധാനന്തര പുനർനിർമ്മാണത്തിനായി 100 കോടിയിലധികം ഡോളറിന്റെ നേരിട്ടുള്ള സഹായവും, സൈനിക ആവശ്യങ്ങൾക്കായി 800 കോടി ഡോളർ വരെ വായ്പയായും നൽകാൻ ഈ ബില്ല് അനുമതി നൽകുന്നു. കൂടാതെ റഷ്യയുടെ ബാങ്കിങ്, ഊർജ്ജ, ഖനന മേഖലകൾക്ക് മേൽ കടുത്ത നിയന്ത്രണങ്ങളും ഉപരോധങ്ങളും ബില്ല് വ്യവസ്ഥ ചെയ്യുന്നുണ്ട്.

​ജനപ്രതിനിധി സഭ പാസാക്കിയെങ്കിലും ഈ ബില്ല് ഇനി യുഎസ് സെനറ്റിൽ കൂടി പാസാകേണ്ടതുണ്ട്. സെനറ്റിലെ റിപ്പബ്ലിക്കൻ നേതൃത്വം ട്രംപിന്റെ നിലപാടിനായി കാത്തിരിക്കുന്നതിനാൽ ബില്ലിന്റെ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. സഭയിൽ പാസായാൽ പോലും പ്രസിഡന്റ് ട്രംപ് ഇതിന്മേൽ വീറ്റോ അധികാരം (ബില്ല് റദ്ദാക്കാനുള്ള അധികാരം) ഉപയോഗിക്കാൻ വലിയ സാധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.

Tags

Share this story