ട്രംപിന്റെ 'പ്രിയപ്പെട്ടവൻ' ഇറാന്റെ ചങ്ങാതി; പാക് സൈനിക മേധാവിയുടെ ഇടപെടലിൽ അമേരിക്കയ്ക്ക് ആശങ്ക

Usa Pakistan

പാക്കിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീറിനോട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പരസ്യമായി പുലർത്തുന്ന അടുപ്പത്തിൽ അമേരിക്കൻ ദേശീയ സുരക്ഷാ വിഭാഗത്തിനുള്ളിൽ ആശങ്ക. അസിം മുനീറിന് ഇറാൻ സൈനിക നേതൃത്വവുമായുണ്ടെന്ന് പറയപ്പെടുന്ന ബന്ധമാണ് ഈ ആശങ്കയ്ക്ക് പിന്നിലെ പ്രധാന കാരണം. ഇദ്ദേഹത്തെ ട്രംപ് നേരത്തെ തന്റെ പ്രിയപ്പെട്ട ഫീൽഡ് മാർഷൽ എന്നാണ് വിശേഷിപ്പിച്ചിരുന്നത്.

അമേരിക്കയ്ക്കും ഇറാനും ഇടയിലുള്ള ഒരു രഹസ്യ മധ്യസ്ഥനായി മുനീർ പ്രവർത്തിക്കുന്നുണ്ടെന്നും ഈ ബന്ധം ഒരു 'റെഡ് ഫ്ലാഗ്' അഥവാ അപായസൂചനയായി കാണണമെന്നുമാണ് ഫോക്സ് ന്യൂസിൽ നിന്നുള്ള റിപ്പോർട്ടുകളും ഇന്റലിജൻസ് സർക്കിളുകളിൽ നിന്നുള്ള ഇൻപുട്ടുകളും സൂചിപ്പിക്കുന്നത്.

ആശങ്കയ്ക്ക് പിന്നിലെ കാരണം

വാഷിംഗ്ടണും ടെഹ്‌റാനും തമ്മിലുള്ള ചർച്ചകളിൽ ജനറൽ മുനീർ ഒരു പ്രധാന മധ്യസ്ഥനായി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിലെ (ഐ.ആർ.ജി.സി) മുതിർന്ന വ്യക്തികളുമായുള്ള ദീർഘകാല ബന്ധം ഈ നീക്കങ്ങളെ സങ്കീർണ്ണമാക്കുന്നുവെന്ന് വിമർശകർ വാദിക്കുന്നു.

അന്തരിച്ച ഖുദ്‌സ് ഫോഴ്‌സ് കമാൻഡർ ഖാസിം സുലൈമാനി, ഐആർജിസി കമാൻഡർ ഹൊസൈൻ സലാമി എന്നിവരുൾപ്പെടെ പ്രമുഖ ഇറാനിയൻ സൈനിക നേതാക്കളുമായി മുനീർ വ്യക്തിപരമായ ബന്ധം പുലർത്തിയിരുന്നുവെന്ന് വിരമിച്ച പാക്കിസ്ഥാൻ ജനറൽ അഹമ്മദ് സയീദ് ഫോക്സ് ന്യൂസ് ഡിജിറ്റലിനോട് പറഞ്ഞു.  ഇത്തരം ബന്ധങ്ങൾ ഉള്ളതിനാൽ, അമേരിക്കയ്ക്കും ഇറാനുമിടയിൽ അദ്ദേഹം നടത്തുന്ന നയതന്ത്ര നീക്കങ്ങൾ തന്ത്രപരമായ അപകടസാധ്യതകൾ ഉണ്ടാക്കുമെന്ന് ചില ഉദ്യോഗസ്ഥർ വിലയിരുത്തുന്നു.

ചരിത്രപരമായ ആശങ്കകൾ

പ്രാദേശിക സുരക്ഷാ കാര്യങ്ങളിൽ, പ്രത്യേകിച്ച് അഫ്ഗാനിസ്ഥാൻ സംഘർഷകാലത്ത് പാക്കിസ്ഥാൻ സ്വീകരിച്ച നിലപാടുകളെ കുറിച്ചുള്ള യുഎസ് നയതന്ത്ര വൃത്തങ്ങൾക്കുള്ളിലെ ദീർഘകാല ആശങ്കകളാണ് ഇപ്പോഴത്തെ സംശയങ്ങൾക്ക് ആധാരം. അമേരിക്കയിൽ നിന്ന് വൻതോതിൽ സഹായം സ്വീകരിക്കുകയും അതേസമയം തന്നെ താലിബാൻ അനുകൂല ശൃംഖലകളെ സഹായിക്കുകയും ചെയ്യുന്ന വിശ്വസിക്കാൻ കൊള്ളാത്ത പങ്കാളിയാണ് പാക്കിസ്ഥാനെന്ന് വിമർശകർ ആവർത്തിച്ച് ആരോപിക്കുന്നു.

പാക്കിസ്ഥാന്റെ സൈനിക ഭരണകൂടത്തിന്റെ പഴയകാല പെരുമാറ്റവും മാറിക്കൊണ്ടിരിക്കുന്ന പ്രാദേശിക സഖ്യങ്ങളും കണക്കിലെടുത്ത് ജാഗ്രതയോടെ  വിലയിരുത്തണമെന്ന് ഫൗണ്ടേഷൻ ഫോർ ഡിഫൻസ് ഓഫ് ഡെമോക്രസീസ്  (FDD) സീനിയർ ഫെല്ലോ ബിൽ റോഗിയോ ഉൾപ്പെടെയുള്ള വിശകലന വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അമേരിക്ക-ഇറാൻ സമാധാന ചർച്ചകളിൽ ഇസ്ലാമാബാദ് മധ്യസ്ഥത വഹിക്കുന്നത് അമേരിക്കയുടെ തന്ത്രപരമായ താൽപര്യങ്ങളുമായി പൊരുത്തപ്പെടണമെന്നില്ലെന്നും അത് മേഖലയിൽ കൂടുതൽ സങ്കീർണ്ണതകൾ സൃഷ്ടിച്ചേക്കാമെന്നും വിമർശകർ വാദിക്കുന്നു.

നയതന്ത്രവും അപകടസാധ്യതയും

അമേരിക്കൻ നനയരൂപകർത്താക്കളെ സംബന്ധിച്ച്, ജനറൽ മുനീറുമായുള്ള അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ വ്യക്തിപരമായ സൗഹൃദവും പാക്കിസ്ഥാന് ഇറാൻ സൈനിക നേതൃത്വവുമായുള്ള ബന്ധത്തെ കുറിച്ചുള്ള ഇന്റലിജൻസ് റിപ്പോർട്ടുകളും തമ്മിൽ എങ്ങനെ സന്തുലിതമായി കൊണ്ടുപോകാം എന്നത് ഒരു വെല്ലുവിളിയാണ്.

പശ്ചിമേഷ്യയിലും ദക്ഷിണേഷ്യയിലും ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിൽ, അമേരിക്കൻ വിദേശനയത്തിൽ മുനീർ ഒരു ഗുണകരമായ നയതന്ത്ര കണ്ണിയാണോ അതോ ഒരു ബാധ്യതയാണോ എന്ന കാര്യത്തിൽ വിശകലന വിദഗ്ധർക്കിടയിൽ തർക്കം തുടരുകയാണ്.

Tags

Share this story