തുർക്കി-സിറിയ ഭൂചലനം: മരണസംഖ്യ 7800 കവിഞ്ഞു; പതിനായിരങ്ങൾക്ക് പരുക്കേറ്റു

turkey

തെക്കൻ തുർക്കിയിലും വടക്കൻ സിറിയയിലുമായുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 7800 കവിഞ്ഞു. പതിനായിരക്കണക്കിന് ആളുകൾക്ക് പരുക്കേറ്റു. ആറായിരത്തിലേറെ തകർന്ന കെട്ടിടങ്ങൾക്കടിയിൽ ആയിരങ്ങൾ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. കൊടും തണുപ്പും മഴയും രക്ഷാപ്രവർത്തനത്തിന് പ്രതിബന്ധം സൃഷ്ടിക്കുകയാണ്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർ ദുരന്തബാധിത മേഖലകളിൽ സഹായം എത്തിക്കുന്നുണ്ട്

തുർക്കിയിൽ മാത്രം ആറായിരത്തോളം മരണം സ്ഥിരീകരിച്ചു. 20,000ത്തിലേറെ പേർക്ക് പരുക്കേറ്റു. സിറിയയിൽ രണ്ടായിരത്തിലധികം പേർ മരിച്ചു. ഇരു രാജ്യങ്ങളിലുമായി 2.3 കോടി ജനങ്ങൾ ദുരന്തബാധിതരായിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. മരണം ഇരുപതിനായിരം വരെ ഉയർന്നേക്കാമെന്നാണ് നിഗമനം. 

രക്ഷാപ്രവർത്തനം വൈദ്യസഹായത്തിനുമായി ഇന്ത്യയിൽ നിന്ന് കരസേന, ദുരന്തനിവാരണ സേനാ സംഘങ്ങൾ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ തുർക്കിയിലും സിറിയയിലുമായി എത്തിയിട്ടുണ്ട്. ശക്തമായ മൂന്ന് ഭൂചലനത്തോടൊപ്പം 285 തുടർ ചലനങ്ങളും തുർക്കിയിലുണ്ടായി. 5775 കെട്ടിടങ്ങൾ തകർന്നു. ഇതിൽ ചരിത്രപ്രാധാന്യമുള്ള പൗരാണിക കെട്ടിടങ്ങളും ഉൾപ്പെടുന്നു.
 

Share this story