കരിങ്കടലിൽ തുർക്കി മത്സ്യബന്ധന ബോട്ടിന് നേരെ ആക്രമണം; ഒരു മരണം: 4 പേർക്ക് പരിക്ക്

kil

ഇസ്താംബുൾ: കരിങ്കടലിൽ ക്രിമിയൻ പെനിൻസുലയ്ക്ക് സമീപം തുർക്കി പതാകയേന്തിയ മത്സ്യബന്ധന ബോട്ടിന് നേരെ ഉണ്ടായ ആക്രമണത്തിൽ ഒരു ജീവനക്കാരൻ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റു. ആക്രമണത്തെ തുടർന്ന് ഗുരുതരമായി തകർന്ന 'ദുരു 67' (Duru 67) എന്ന ബോട്ട് കടലിൽ മുങ്ങി.

​വെള്ളിയാഴ്ച സെവാസ്റ്റോപോളിന് പടിഞ്ഞാറ് ഭാഗത്തുവെച്ചാണ് സംഭവം നടന്നത്. ബോട്ട് മുങ്ങാൻ തുടങ്ങിയതോടെ സമീപത്തുണ്ടായിരുന്ന 'ബുറാക് കായ' എന്ന മറ്റൊരു തുർക്കി മത്സ്യബന്ധന ബോട്ട് എത്തിയാണ് അഞ്ച് പേരെയും രക്ഷപ്പെടുത്തിയത്. എന്നാൽ പരിക്കേറ്റവരിൽ അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഒരു തൊഴിലാളി തുർക്കി തീരത്തേക്കുള്ള യാത്രാമധ്യേ മരണപ്പെടുകയായിരുന്നു.

​വിവരമറിഞ്ഞ് തുർക്കി കോസ്റ്റ് ഗാർഡിന്റെ പട്രോളിംഗ് കപ്പൽ മെഡിക്കൽ സംഘവുമായി കടലിലേക്ക് തിരിക്കുകയും, അന്താരാഷ്ട്ര അതിർത്തിയോട് ചേർന്നുള്ള കടൽ മേഖലയിൽ വെച്ച് രക്ഷാപ്രവർത്തനം നടത്തിയ ബോട്ടിൽ നിന്ന് പരിക്കേറ്റവരെയും മൃതദേഹവും തങ്ങളുടെ കപ്പലിലേക്ക് മാറ്റുകയും ചെയ്തു.

​പരിക്കേറ്റ മറ്റ് നാല് തൊഴിലാളികളെ നിലവിൽ കസ്തമോനു റിസർച്ച് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഷ്രാപ്നൽ (പൊട്ടിത്തെറിയെ തുടർന്നുണ്ടാകുന്ന ലോഹക്കഷ്ണങ്ങൾ) തറച്ചുകയറിയാണ് ഇവർക്ക് പരിക്കേറ്റതെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. ആക്രമണത്തിന് പിന്നിൽ ആരാണെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. യുക്രെയ്ൻ യുദ്ധ പശ്ചാത്തലത്തിൽ കരിങ്കടലിലെ സുരക്ഷാ ആശങ്കകൾ വർദ്ധിപ്പിക്കുന്നതാണ് ഈ സംഭവം.

Tags

Share this story