വെനിസ്വേല ഇരട്ട ഭൂകമ്പം; ആയിരക്കണക്കിന് ആളുകൾ മരിച്ചതായി ആശങ്ക

വെനസ്ലേ

കാരക്കാസ്: വെനിസ്വേലയിൽ ഏതാനും സെക്കൻഡുകളുടെ വ്യത്യാസത്തിലുണ്ടായ രണ്ട് അതിശക്തമായ ഭൂകമ്പങ്ങളിൽ വൻ നാശനഷ്ടം. ദുരന്തത്തിൽ ആയിരക്കണക്കിന് ആളുകൾ മരണപ്പെട്ടിരിക്കാമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ നൽകുന്ന സൂചന. റിക്ടർ സ്കെയിലിൽ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പങ്ങളാണ് രാജ്യാന്തര സമയം ബുധനാഴ്ച വൈകുന്നേരം ആറുമണിയോടെ വടക്ക്-മധ്യ വെനിസ്വേലയെ പിടിച്ചുകുലുക്കിയത്.

​ആദ്യ ഭൂകമ്പം ഉണ്ടായി കൃത്യം 39 സെക്കൻഡുകൾക്ക് ശേഷമാണ് രണ്ടാമത്തെയും അതിശക്തവുമായ ഭൂകമ്പം അനുഭവപ്പെട്ടത്. തലസ്ഥാനമായ കാരക്കാസ് ഉൾപ്പെടെയുള്ള പ്രമുഖ നഗരങ്ങളിൽ വൻ നാശനഷ്ടമാണുണ്ടായിരിക്കുന്നത്. കാരക്കാസിലെ അൾട്ടാമിറ മേഖലയിൽ 22 നിലകളുള്ള ഒരു വലിയ പാർപ്പിട സമുച്ചയം പൂർണ്ണമായും തകർന്നു വീണതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

​ഭൂകമ്പത്തെ തുടർന്ന് വെനിസ്വേലയിൽ ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തെ പ്രധാന വിമാനത്താവളമായ സിമോൺ ബൊളിവർ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഗുരുതരമായ ഘടനാപരമായ കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് താൽക്കാലികമായി അടച്ചുപൂട്ടി. ട്രെയിൻ, മെട്രോ സർവീസുകളും നിർത്തിവെച്ചിരിക്കുകയാണ്.

​കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നൂറുകണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവർത്തകർ, ഫയർഫോഴ്സ്, സിവിൽ പ്രൊട്ടക്ഷൻ സംഘങ്ങൾ എന്നിവർ ദുരന്തബാധിത പ്രദേശങ്ങളിൽ തെരച്ചിൽ തുടരുകയാണ്. തകർന്ന കെട്ടിടങ്ങളിൽ നിന്നുള്ള ഗ്യാസ് ചോർച്ച മൂലമുണ്ടാകുന്ന തീപിടിത്തം ഒഴിവാക്കാൻ നഗരങ്ങളിലേക്കുള്ള പാചകവാതക വിതരണം താൽക്കാലികമായി വിച്ഛേദിച്ചിട്ടുണ്ട്. പലയിടങ്ങളിലും വൈദ്യുതി, വാർത്താവിനിമയ ബന്ധങ്ങൾ പൂർണ്ണമായും തകരാറിലാണ്. അടിയന്തര സാഹചര്യ നേരിടാൻ യുണൈറ്റഡ് സ്റ്റേറ്റ്സ് (US) ഉൾപ്പെടെയുള്ള രാജ്യങ്ങൾ വെനിസ്വേലയിലേക്ക് പ്രത്യേക രക്ഷാപ്രവർത്തകരെയും മെഡിക്കൽ സഹായങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

Tags

Share this story