നേപ്പാളിൽ രണ്ട് ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചു; ഇന്ത്യക്കാരൻ മരിച്ചു
കാഠ്മണ്ഡു: നേപ്പാളിൽ എവറസ്റ്റ് കൊടുമുടിക്ക് സമീപം രണ്ട് ഹെലികോപ്റ്ററുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു ഇന്ത്യക്കാരൻ മരിച്ചു. മൂന്ന് പേർക്ക് പരുക്കേറ്റു. സൊലുഖുംബു ജില്ലയിലെ ഫെരിച്ചെയിലുള്ള ഹെലിപാഡിൽ ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 8.11ഓടെയാണ് സംഭവം.
BREAKING: Two helicopters operated by Fishtail Air and Dynasty Air collided while landing at Pheriche helipad in Solukhumbu. Authorities said the helicopters’ rotor blades struck each other during the landing process. Further details about the incident are awaited.
— Everest Today (@EverestToday) November 3, 2026
Video ©:… pic.twitter.com/30WHJhi6HF
വസന്ത് കുമാർ ബാലരാമരാമടു (47) ആണ് മരിച്ചത്. ഇന്ത്യൻ വംശജനും ന്യൂസിലാൻഡിൽ താമസിക്കുന്ന ആളുമായ ശൈലേഷ് കൃഷ്ണ പട്ടേൽ (49), പൈലറ്റുമാരും നേപ്പാൾ സ്വദേശികളായ രബീന്ദ്ര പ്രജാപതി, കെ.സി. പ്രജ്വൽ എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ എയർ ലിഫ്റ്റ് ചെയ്ത് കാഠ്മണ്ഡുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വസന്ത് കുമാറിന്റെ മൃതദേഹം ലുക്ളയിലെ ആശുപത്രിയി മോർച്ചറിയിലേക്ക് മാറ്റി.
ലാൻഡ് ചെയ്യാൻ ശ്രമിക്കവേയാണ് ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചത്. ഫിഷ്ടെയ്ൽ എയർ, എയർ ഡൈനാസ്റ്റി എന്നീ കമ്പനികളുടെ ഹെലികോപ്റ്ററുകളാണ് അപകടത്തിൽപ്പെട്ടത്. ഹെലികോപ്റ്ററുകൾ തമ്മിൽ കൂട്ടിയിടിച്ച് മഞ്ഞിൽ തകർന്നുവീഴുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതിന്റെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല.
എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള വഴിയിലാണ് ഫെരിച്ചേ സ്ഥിതിചെയ്യുന്നത്. കാഠ്മണ്ഡുവിൽ നിന്ന് 150 കിലോമീറ്റർ വടക്കുകിഴക്കായാണ് ഈ പ്രദേശം.
