ക്യൂബയിൽ ശക്തമായ രണ്ട് ഭൂചലനങ്ങൾ; നിരവധി കെട്ടിടങ്ങൾ തകർന്നു
Nov 11, 2024, 08:11 IST
ദക്ഷിണ ക്യൂബയിൽ ശക്തമായ രണ്ട് ഭൂചലനങ്ങളിൽ വൻ നാശനഷ്ടം. ഗ്രാൻമ പ്രവിശ്യയിലെ ബാർട്ടലോം മാസോ തീരത്ത് നിന്ന് 25 മൈൽ അകലെയാണ് 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. 5.9 തീവ്രത രേഖപ്പെടുത്തിയ ആദ്യത്തെ ഭൂചലനത്തിന് ശേഷമായിരുന്നു രണ്ടാമത്തെ ഭൂചലനം. രാജ്യത്തിലുടനീളം ഭൂചലനം അനുഭവപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിരവധി പേർക്ക് പരുക്കേറ്റു. ഭൂകമ്പത്തിന്റെ ആഘാതത്തിൽ വലിയ തോതിൽ മണ്ണിടിച്ചിലുണ്ടായി. വീടുകൾക്കും വൈദ്യുതി ലൈനുകൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. കഴിഞ്ഞാഴ്ച വീശിയടിച്ച റാഫേൽ ചുഴലിക്കാറ്റിൽ നിന്ന് രാജ്യം കരകയറി വരുന്നതിനിടെയാണ് അടുത്ത ദുരന്തം. റാഫേൽ ചുഴലിക്കാറ്റിനെ തുടർന്ന് ക്യൂബയുടെ ദേശീയ ഗ്രിഡ് തകർന്നിരുന്നു. നിലവിൽ 10 ദശലക്ഷം പേരാണ് വൈദ്യുതിയില്ലാതെ കഴിയുന്നത്.
