ഇറാനിൽനിന്ന് എണ്ണ ഇറക്കുമതി: നാല് ഇന്ത്യൻ കമ്പനികൾക്കും മൂന്ന് വ്യക്തികൾക്കും ഉപരോധമേർപ്പെടുത്തി അമേരിക്ക

ഓയിൽ

വാഷിങ്ഗ്ടൺ: ഇറാനിൽനിന്ന് എണ്ണയും പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളും ഇറക്കുമതി ചെയ്തതിനും വിപണനം നടത്തിയതിനും നാല് ഇന്ത്യൻ കമ്പനികൾക്കും മൂന്ന് ഇന്ത്യൻ പൗരന്മാർക്കും ഉപരോധമേർപ്പെടുത്തി യുഎസ് ഭരണകൂടം. ഇറാനുമേൽ സാമ്പത്തിക സമ്മർദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായി അമേരിക്ക പ്രഖ്യാപിച്ച 'ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്' (Operation Economic Outcast) എന്ന നടപടിയുടെ ഭാഗമായാണ് ഈ തീരുമാനം.

ഉപരോധം നേരിട്ട കമ്പനികളും വ്യക്തികളും:

സദാശിവ ഓവർസീസ് ലിമിറ്റഡ്: ഇറാനിൽനിന്ന് ഏകദേശം 69 മില്യൺ ഡോളറിന്റെ എണ്ണ ഇറക്കുമതി ചെയ്തതായി കണ്ടെത്തി.

പി.പി. സോഫ്റ്റ്‌ടെക് പ്രൈവറ്റ് ലിമിറ്റഡ്: 25 മില്യൺ ഡോളർ മൂല്യമുള്ള ഇറാനിയൻ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്തു.

പ്രകൃതീസ് ഇൻഫ്രാ ഇംപെക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്: 25 മില്യൺ ഡോളറിന്റെ എണ്ണ ഇടപാടിൽ പങ്കാളിത്തം.

പോർട്ടീസ് പാർട്ണേഴ്സ് എൽ.എൽ.പി: ഇറാനിൽനിന്നുള്ള ഉൽപ്പന്നങ്ങൾ ഇന്ത്യയിലേക്ക് എത്തുന്നതിന് സഹായിച്ച കസ്റ്റംസ് ബ്രോക്കിങ് സ്ഥാപനം.

​കമ്പനികൾക്ക് പുറമെ പി.പി. സോഫ്റ്റ്‌ടെക് ഡയറക്ടർ പ്രശാന്ത് ഗാർഗ്, പോർട്ടീസ് പാർട്ണേഴ്സ് പങ്കാളികളായ ഇദ്രിസ്മിയ അഷ്‌റഫ്മിയ ഷെയ്ഖ്, ഹരീഷ് രാമചന്ദ്ര രംഗി എന്നീ മൂന്ന് ഇന്ത്യൻ പൗരന്മാർക്കെതിരെയും ഉപരോധമേർപ്പെടുത്തിയിട്ടുണ്ട്.

​ഇറാനിന്റെ വരുമാന സ്രോതസ്സുകൾ പൂർണ്ണമായും അടയ്ക്കുകയാണ് ഈ നടപടിയിലൂടെ അമേരിക്ക ലക്ഷ്യമിടുന്നത്. ഉപരോധം നേരിടുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അമേരിക്കയിലെ സ്വത്തുക്കൾ മരവിപ്പിക്കപ്പെടുകയും അവരുമായി ഇടപാട് നടത്തുന്നതിന് യുഎസ് പൗരന്മാർക്ക് വിലക്ക് വരികയും ചെയ്യും. 

Tags

Share this story