ഇറാനിൽ യുഎസ് വ്യോമാക്രമണം: അർബുദ ബാധിതരായ 211 കുട്ടികളെ ആശുപത്രിയിൽ നിന്ന് അടിയന്തരമായി ഒഴിപ്പിച്ചു

ഇറാൻ

ടെഹ്‌റാൻ: ഇറാനിലെ കുട്ടികളുടെ ക്യാൻസർ ആശുപത്രിക്ക് സമീപം യുഎസ് നടത്തിയ ശക്തമായ വ്യോമാക്രമണത്തെ തുടർന്ന് ഗുരുതരാവസ്ഥയിലുള്ള 211 കുട്ടികളെ അടിയന്തരമായി ഒഴിപ്പിച്ചു. തെക്കുപടിഞ്ഞാറൻ ഇറാൻ നഗരമായ അഹ്‌വാസിലെ 'ഷഹീദ് ബഗായി' ആശുപത്രിക്ക് സമീപമാണ് ആക്രമണമുണ്ടായത്.

​കീമോതെറാപ്പി അടക്കമുള്ള ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞുങ്ങളെയാണ് ഇവിടെ നിന്നും മറ്റ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ ആശുപത്രിക്കുള്ളിൽ കനത്ത പുക പടരുകയും വലിയ രീതിയിൽ പരിഭ്രാന്തി പരക്കുകയും ചെയ്തതിനെ തുടർന്നാണ് അധികൃതർ അടിയന്തര ഒഴിപ്പിക്കൽ നടത്തിയത്. കുഞ്ഞുങ്ങളെ കയ്യിലെടുത്തും വീൽചെയറുകളിലും ഐ.വി ഡ്രൈപ്പുകളോടെയുമാണ് ജീവനക്കാരും ബന്ധുക്കളും പുറത്തേക്ക് ഓടിയത്.

​ആക്രമണം അങ്ങേയറ്റം ക്രൂരവും മനുഷ്യത്വരഹിതവുമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. ജീവനുവേണ്ടി പോരാടുന്ന നിഷ്കളങ്കരായ കുട്ടികൾക്ക് നേരെ നടന്ന ഈ കടന്നുകയറ്റം ക്രൂരമായ യുദ്ധക്കുറ്റമാണെന്ന് ഇറാൻ വക്താവ് ഇസ്മായിൽ ബഗായി പ്രതികരിച്ചു. അതേസമയം ഈ പ്രദേശങ്ങളിൽ യുഎസ് വ്യോമാക്രമണം ശക്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്. 

Share this story