പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരത്തി യുഎസും ഇറാനും; പരസ്പരം വ്യോമാക്രമണം ശക്തമാക്കി
വാഷിംഗ്ടൺ/ടെഹ്റാൻ: യുണൈറ്റഡ് സ്റ്റേറ്റ്സും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ വീണ്ടും കടുത്തതോടെ പശ്ചിമേഷ്യയിൽ പുതിയൊരു യുദ്ധഭീതി നിഴലിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിൽ വീണ്ടും രൂക്ഷമായ വ്യോമാക്രമണങ്ങളും മിസൈൽ-ഡ്രോൺ ആക്രമണങ്ങളും കൈമാറിയതോടെയാണ് മേഖലയിലെ സ്ഥിതിഗതികൾ വീണ്ടും വഷളായത്.
ഹോർമുസ് കടലിടുക്കിലെ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനും മേഖലയിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്കും നേരെ ഇറാൻ റെവല്യൂഷനറി ഗാർഡ് (IRGC) ആക്രമണത്തിന് മുതിർന്നതാണ് പുതിയ സംഘർഷങ്ങൾക്ക് വഴിവെച്ചതെന്ന് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) വ്യക്തമാക്കി. ഇറാനിലെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, റഡാറുകൾ, മറ്റ് സൈനിക താവളങ്ങൾ എന്നിവ ലക്ഷ്യമിട്ട് യുഎസ് സേന കടുത്ത തിരിച്ചടി നൽകുകയായിരുന്നു.
അതേസമയം, യുഎസ് ആക്രമണത്തിന് പിന്നാലെ കടുത്ത പ്രത്യാക്രമണവുമായി ഇറാനും രംഗത്തെത്തി. അമേരിക്കയ്ക്ക് "ശക്തവും വിനാശകരവുമായ തിരിച്ചടി" നൽകുമെന്ന് ഇറാന്റെ സായുധ സേന മുന്നറിയിപ്പ് നൽകി. ഇറാന്റെ തെക്കൻ തീരദേശ മേഖലകളിലും വിമാനത്താവളത്തിന് സമീപവും സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ട്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായതിനെത്തുടർന്ന് ആഗോള വിപണിയിൽ അസംസ്കൃത എണ്ണവിലയിൽ വൻ വർധനവാണ് രേഖപ്പെടുത്തുന്നത്. നിലവിലുണ്ടായിരുന്ന വെടിനിർത്തൽ ധാരണകൾ പൂർണ്ണമായും ത തകരുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയത് മേഖലയിലെ സമാധാനശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്.
