വെനസ്വേലൻ മയക്കുമരുന്ന് ബോട്ടിനെതിരെ യുഎസ് സൈന്യം ആക്രമണം നടത്തി; ട്രംപ് ഉത്തരവിട്ടത് 'മയക്കുമരുന്ന് ഭീകരർ'ക്കെതിരെ

അമേരിക്കയിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ഒരു വെനസ്വേലൻ ബോട്ടിൽ യുഎസ് സൈന്യം ആക്രമണം നടത്തിയതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു. ട്രംപിന്റെ ഉത്തരവനുസരിച്ച് നടത്തിയ ഈ സൈനിക നടപടിയിൽ 11 'മയക്കുമരുന്ന് ഭീകരർ' കൊല്ലപ്പെട്ടതായും അദ്ദേഹം അറിയിച്ചു. മയക്കുമരുന്ന് കടത്ത് സംഘങ്ങൾക്ക് വെനസ്വേലൻ ഭരണകൂടവുമായി ബന്ധമുണ്ടെന്ന് യുഎസ് ആരോപിക്കുന്നു.
ട്രംപിന്റെ സോഷ്യൽ മീഡിയ പോസ്റ്റിലാണ് ഈ വിവരം ആദ്യം പുറത്തുവിട്ടത്. ആഗോള മയക്കുമരുന്ന് കടത്തിനെതിരെ യുഎസ് സൈന്യം നടത്തുന്ന പോരാട്ടങ്ങളുടെ ഭാഗമാണ് ഈ ആക്രമണം. വെനസ്വേലയുടെ വടക്കൻ ഭാഗത്തുള്ള കടലിൽ നടന്ന ഈ ആക്രമണത്തിൽ യുഎസ് സൈനികർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കയിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നവർക്കുള്ള ഒരു മുന്നറിയിപ്പാണ് ഈ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മയക്കുമരുന്ന് കടത്തലിന്റെ പേരിൽ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോക്കെതിരെ നേരത്തെ യുഎസ് ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഈ ആക്രമണം ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. അതേസമയം, യുഎസ് സൈനിക ഭീഷണിയെ പ്രതിരോധിക്കാൻ തീരപ്രദേശങ്ങളിൽ സൈന്യത്തെ വിന്യസിക്കുന്നതടക്കമുള്ള നടപടികൾ വെനസ്വേല സ്വീകരിച്ചിട്ടുണ്ട്.