അമേരിക്കൻ യുദ്ധക്കപ്പലിനു നേരെ മിസൈലാക്രമണം: തിരിച്ചടിച്ച് യുഎസ്, ഇറാന്റെ എണ്ണടാങ്കറുകൾ തകർത്തു
വാഷിംഗ്ടൺ: പേർഷ്യൻ ഉൾക്കടലിൽ അമേരിക്കൻ യുദ്ധക്കപ്പലിനു നേരെ ഇറാൻ ബാല്ലിസ്റ്റിക് മിസൈലാക്രമണം നടത്താൻ ശ്രമിച്ചതിന് പിന്നാലെ ശക്തമായ തിരിച്ചടിയുമായി യുഎസ് സൈന്യം. ഒമാൻ ഉൾക്കടലിലും ഖാർഗ് ദ്വീപിന് സമീപത്തുമായി കിടന്നിരുന്ന ഇറാന്റെ അഞ്ച് എണ്ണടാങ്കറുകൾ യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) തകർത്തതായി അമേരിക്കൻ പ്രതിരോധ കേന്ദ്രങ്ങൾ അറിയിച്ചു.
യുഎസ് യുദ്ധക്കപ്പലുകൾ ലക്ഷ്യമിട്ട് ഇറാൻ റെവല്യൂഷണറി ഗാർഡ് നടത്തിയ മിസൈൽ ആക്രമണ ശ്രമങ്ങളെ യുഎസ് സൈന്യം വിജയകരമായി ചെറുത്തു പരാജയപ്പെടുത്തി. തുടർന്ന് നടത്തിയ പ്രത്യാക്രമണത്തിന് മുന്നോടിയായി എണ്ണടാങ്കറുകളിലുണ്ടായിരുന്ന ജീവനക്കാർക്ക് ഒഴിയാൻ മുന്നറിയിപ്പ് നൽകിയിരുന്നതായി യുഎസ് സൈനിക വക്താവ് വ്യക്തമാക്കി.
അതേസമയം, അമേരിക്കൻ ആക്രമണത്തിൽ തങ്ങളുടെ ടാങ്കറുകൾ തകർന്നതായി ഇറാൻ സ്ഥിരീകരിച്ചു. ഇതിന് മറുപടിയായി ജോർദാനിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ബാല്ലിസ്റ്റിക് മിസൈലുകൾ അയച്ചതായും, കുവൈറ്റ്, ബഹ്റൈൻ തുറമുഖങ്ങളിലുള്ള ടാങ്കറുകൾ ഒഴിയണമെന്ന് മുന്നറിയിപ്പ് നൽകിയതായും ഇറാൻ വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് മേഖലയിൽ സംഘർഷം കടുക്കുന്നത് ആഗോളതലത്തിൽ എണ്ണവില കുതിച്ചുയരാൻ ഇടയാക്കിയിട്ടുണ്ട്.
