റഷ്യക്കെതിരെ ഉപരോധം കർശനമാക്കുന്ന പുതിയ ബില്ലിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു
വാഷിംഗ്ടൺ: റഷ്യയ്‌ക്കും ഇറാനും എതിരെ ഉപരോധം ശക്തമാക്കുന്ന പുതിയ ബില്ലിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു. റഷ്യൻ എണ്ണയും വാതകവും വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ 100 ശതമാനം വരെ അധിക തീരുവ (Tariff) ചുമത്താൻ അമേരിക്കൻ പ്രസിഡന്റിന് അധികാരം നൽകുന്നതാണ് ഈ പുതിയ നിയമം.
യുക്രെയ്നിലെ അധിനിവേശത്തെ തുടർന്ന് റഷ്യയുടെ സാമ്പത്തിക വരുമാനം തടയുക എന്ന ലക്ഷ്യത്തോടെയാണ് യു.എസ് കോൺഗ്രസ് ബിൽ പാസാക്കിയത്. റഷ്യയിൽ നിന്ന് വൻതോതിൽ എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളെ ഈ തീരുമാനം പ്രതികൂലമായി ബാധിച്ചേക്കാം.
ഇന്ത്യയുടെ ഊർജ്ജ ആവശ്യങ്ങൾക്ക് പ്രധാനമായും റഷ്യൻ എണ്ണയെയാണ് ആശ്രയിക്കുന്നത് എന്നതിനാൽ, യു.എസിന്റെ ഈ പുതിയ നീക്കം ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ, രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
