ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ആക്രമണം: ഇറാനിൽ ശക്തമായ തിരിച്ചടി നൽകി അമേരിക്ക

ഹോർമൂസ്

വാഷിംഗ്ടൺ / ടെഹ്റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ (Strait of Hormuz) മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെ ഉണ്ടായ ആക്രമണത്തിന് പിന്നാലെ ഇറാനിൽ ശക്തമായ വ്യോമാക്രമണം നടത്തി അമേരിക്കൻ സൈന്യം. മേഖലയിലൂടെ കടന്നുപോകുന്ന അന്താരാഷ്ട്ര കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണം ഇരുരാജ്യങ്ങളും തമ്മിലുള്ള താല്ക്കാലിക വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്ന് യു.എസ് സെൻട്രൽ കമാൻഡ് (CENTCOM) വ്യക്തമാക്കി.

​അമേരിക്കൻ ആക്രമണത്തിന് പിന്നാലെ തെക്കൻ ഇറാന്റെ വിവിധ ഭാഗങ്ങളിലും ഖേഷ്ം ദ്വീപ്, ബന്ദർ അബ്ബാസ്, സിരിക് എന്നീ തീരദേശ നഗരങ്ങളിലും ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ സ്ഥിരീകരിച്ചു. ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ, തീരദേശ നിരീക്ഷണ കേന്ദ്രങ്ങൾ, മിസൈൽ വിക്ഷേപണ തറകൾ, ഡ്രോൺ കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു അമേരിക്കയുടെ ആക്രമണം.

​കഴിഞ്ഞ ദിവസം ഖത്തറിന്റെയും സൗദി അറേബ്യയുടെയും ഉൾപ്പെടെയുള്ള മൂന്ന് എണ്ണക്കപ്പലുകൾക്ക് നേരെ ഹോർമുസ് കടലിടുക്കിൽ വെച്ച് ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ ഉണ്ടായിരുന്നു. ഇതിന് ശക്തമായ തിരിച്ചടി നൽകുമെന്നും അന്താരാഷ്ട്ര കപ്പൽ ഗതാഗത സുരക്ഷ ഉറപ്പാക്കുമെന്നും യു.എസ് വ്യക്തമാക്കി.

​ആക്രമണത്തെ തുടർന്ന് ഇറാനുള്ള എണ്ണവ്യാപാര അനുമതി അമേരിക്ക റദ്ദാക്കുകയും കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതേസമയം, യു.എസ് നടപടി കരാറിന്റെ ലംഘനമാണെന്നും ശക്തമായി പ്രതിരോധിക്കുമെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതിയും വൻ ആശങ്കയും നിലനിൽക്കുകയാണ്.

Share this story