റഷ്യൻ പ്രസിഡന്റായി വ്‌ളാദിമിർ പുടിൻ അധികാരമേറ്റു. ചടങ്ങ് ബഹിഷ്‌കരിച്ച് പാശ്ചാത്യ രാജ്യങ്ങൾ

റഷ്യൻ പ്രസിഡന്റായി വ്‌ളാദിമിർ പുടിൻ വീണ്ടും അധികാരമേറ്റു. സത്യപ്രതിജ്ഞയും ചടങ്ങുകളും ഭരണസിരാ കേന്ദ്രമായ ക്രെംലിനിൽ നടന്നു. തെരഞ്ഞെടുപ്പിൽ സുതാര്യതയുണ്ടായിരുന്നില്ലെന്ന് ആരോപിച്ച് അമേരിക്കയും യുകെയും കാനഡയും അടക്കമുള്ള പ്രമുഖ രാജ്യങ്ങൾ പ്രതിനിധികളെ ചടങ്ങിന് അയച്ചില്ല

ആഡംബര വാഹനവ്യൂഹത്തിൽ വന്നിറങ്ങിയ പുടിൻ പരമ്പരാഗത ശൈലിയിൽ കൊട്ടാരത്തിലെ ഇടനാഴികളിലൂടെ നടന്നാണ് സെന്റ് ആൻഡ്രൂ ഹാളിലെത്തിയത്. സത്യപ്രതിജ്ഞക്ക് മുമ്പായി റഷ്യൻ ഓർത്തഡോക്‌സ് സഭാധ്യക്ഷന്റെ അനുഗ്രഹവും വാങ്ങി.

കഴിഞ്ഞ കാൽ നൂറ്റാണ്ട് കാലമായി റഷ്യയുടെ പ്രസിഡന്റായും പ്രധാനമന്ത്രിയായും മാറി മാറി അധികാരത്തിൽ തുടരുന്നയാളാണ് പുടിൻ. 1999ൽ അദ്ദേഹം ആദ്യമായി പ്രധാനമന്ത്രിയായി. തുടർന്ന് പ്രസിഡന്റും പിന്നെ പ്രധാനമന്ത്രിയമായി. 2012ൽ വീണ്ടും പ്രസിഡന്റായി. 2020ൽ കൊണ്ടുവന്ന നിയമപ്രകാരം 2036 വരെ അധികാരത്തിൽ തുടരാൻ വകുപ്പുണ്ട്.
 

Share this story