തലകുനിക്കില്ല, വഴങ്ങില്ല; ട്രംപിന്റെ 'നാശ ഭീഷണി'ക്ക് യുഎന്നിൽ മറുപടിയുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ
ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ ഇറാനെ പൂർണ്ണമായി നശിപ്പിക്കുമെന്ന ഭീഷണിയുയർത്തിയ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ശക്തമായ മറുപടിയുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. അമേരിക്കയുടെ ഉപരോധങ്ങൾക്കും ഭീഷണികൾക്കും മുന്നിൽ ഇറാനിയൻ ജനത തലകുനിക്കില്ലെന്ന് പെസെഷ്കിയാൻ വ്യക്തമാക്കി.
കരാറിലെത്തിയില്ലെങ്കിൽ ഇറാനെ പൂർണ്ണമായി തകർക്കുന്ന കാര്യം പരിഗണനയിലാണെന്നായിരുന്നു യുഎൻ അസംബ്ലിയിൽ ട്രംപ് നടത്തിയ മുന്നറിയിപ്പ്. എന്നാൽ അമേരിക്കയുടെ സമ്മർദ്ദ തന്ത്രങ്ങൾക്ക് വഴങ്ങില്ലെന്നും ആക്രമണങ്ങൾക്ക് മുന്നിൽ പ്രതിരോധ ശക്തി വർദ്ധിക്കുക മാത്രമേയുള്ളൂവെന്നും പെസെഷ്കിയാൻ പ്രതികരിച്ചു.
ബലപ്രയോഗവും ഭീഷണിയും ഒഴിവാക്കിയാൽ മാത്രമേ ചർച്ചകൾക്കും നയതന്ത്രത്തിനും പ്രസക്തിയുള്ളൂ എന്ന് ചൂണ്ടിക്കാട്ടിയ ഇറാൻ പ്രസിഡന്റ്, തങ്ങൾ സമാധാനത്തിന് സന്നദ്ധമാണെങ്കിലും പരമാധികാരം സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും കൂട്ടിച്ചേർത്തു.
