വേൾഡ് കപ്പ് വിസ; കളിക്കാർക്ക് അനുമതി, ഒപ്പമുള്ള ഉദ്യോഗസ്ഥരെ തടഞ്ഞ് യു.എസ്: വിവേചനമെന്ന് ഇറാൻ
വാഷിംഗ്ടൺ/ടെഹ്റാൻ: 2026 ഫിഫ ലോകകപ്പിനായി തങ്ങളുടെ ദേശീയ ഫുട്ബോൾ ടീമിലെ കളിക്കാർക്ക് യു.എസ് വിസ അനുവദിച്ചെങ്കിലും, ഒപ്പമുണ്ടാകേണ്ട പ്രധാന ഉദ്യോഗസ്ഥർക്കും സാങ്കേതിക സമിതി അംഗങ്ങൾക്കും പ്രവേശനം നിഷേധിച്ചതായി ഇറാൻ. യു.എസിന്റെ ഈ നടപടി കായികരംഗത്തെ രാഷ്ട്രീയവൽക്കരിക്കുന്നതാണെന്നും കടുത്ത വിവേചനമാണെന്നും ടർക്കിയിലെ ഇറാൻ എംബസി കുറ്റപ്പെടുത്തി.
ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ തർക്കങ്ങൾ കായികരംഗത്തും നിഴലിക്കുന്നത്. ഫുട്ബോൾ ഫെഡറേഷൻ സെക്രട്ടറി ജനറൽ ഉൾപ്പെടെയുള്ള പ്രമുഖർക്കാണ് യു.എസ് വിസ നിഷേധിച്ചത്. ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർപ്സുമായി (IRGC) ബന്ധമുള്ള ഉദ്യോഗസ്ഥരെ തങ്ങളുടെ മണ്ണിൽ പ്രവേശിപ്പിക്കില്ലെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ നേരത്തെ വ്യക്തമാക്കിയിരുന്നു.
കളിക്കാർക്ക് വിസ ലഭിച്ചെങ്കിലും മാനേജീരിയൽ ജീവനക്കാർക്ക് അനുമതി നിഷേധിച്ച പശ്ചാത്തലത്തിൽ, ഫിഫ ഇടപെടണമെന്ന് ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വിസ പ്രതിസന്ധിയെത്തുടർന്ന് യു.എസിലെ അരിസോണയിൽ നടത്താനിരുന്ന തങ്ങളുടെ പരിശീലന ക്യാമ്പ് ഇറാൻ മെക്സിക്കോയിലെ തിജുവാനയിലേക്ക് അടിയന്തരമായി മാറ്റിയിരിക്കുകയാണ്. ജൂൺ 16-ന് ലോസ് ആഞ്ചലസിൽ ന്യൂസിലൻഡിനെതിരെയാണ് ലോകകപ്പിൽ ഇറാന്റെ ആദ്യ മത്സരം.
