​ഷി ജിൻപിങ്ങിന്റെ ഇന്ത്യ സന്ദർശനം; ചൈന സതേൺ ഗുവാങ്ഷൂ-ഡൽഹി വിമാന സർവീസുകൾ പുനരാരംഭിക്കുന്നു

ചൈന

ഗ്വാങ്ഷൂ: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ഇന്ത്യ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ, ഗുവാങ്ഷൂവിനും ന്യൂഡൽഹിക്കും ഇടയിലുള്ള നേരിട്ടുള്ള യാത്രാ വിമാന സർവീസുകൾ സെപ്റ്റംബർ 21 മുതൽ പുനരാരംഭിക്കുമെന്ന് ചൈന സതേൺ എയർലൈൻസ് അറിയിച്ചു. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ റൂട്ടിൽ എയർലൈൻ സർവീസ് വീണ്ടും ആരംഭിക്കുന്നത്.

​ബ്രിക്സ് (BRICS) ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഡൽഹിയിലെത്തുന്ന അതേദിവസമാണ് ഈ പ്രധാന പ്രഖ്യാപനം പുറത്തുവന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം ഉഭയകക്ഷി ചർച്ച നടത്തും.

​കോവിഡ് മഹാമാരിയെത്തുടർന്നും അതിർത്തിയിലെ സംഘർഷങ്ങളെത്തുടർന്നും നിർത്തിവെച്ചിരുന്ന ഇന്ത്യ-ചൈന നേരിട്ടുള്ള വിമാന സർവീസുകൾ അടുത്തിടെയാണ് ഘട്ടങ്ങളായി പുനരാരംഭിക്കാൻ തുടങ്ങിയത്. ഏപ്രിലിൽ എയർ ചൈന ബീജിങ്-ഡൽഹി സർവീസും, ചൈന ഈസ്റ്റേൺ എയർലൈൻസ് കുന്നിങ്-കൊൽക്കത്ത സർവീസും പുനരാരംഭിച്ചിരുന്നു. ഇന്ത്യയിൽ നിന്ന് ഇൻഡിഗോയും ചൈനയിലെ വിവിധ നഗരങ്ങളിലേക്ക് സർവീസുകൾ ആരംഭിച്ചിട്ടുണ്ട്.

​ഗുവാങ്ഷൂ-ഡൽഹി സർവീസ് കൂടി ആരംഭിക്കുന്നതോടെ ദക്ഷിണേഷ്യയിൽ പ്രതിവാരം നൂറിലധികം റൗണ്ട് ട്രിപ്പ് വിമാന സർവീസുകൾ നടത്താൻ ചൈന സതേൺ എയർലൈൻസിന് സാധിക്കും.

Tags

Share this story