ഇന്ത്യന്‍ സൈനികന്റെ നെറ്റിയില്‍ നിന്ന് പ്ലയര്‍ ഉപയോഗിച്ച് വെടിയുണ്ട എടുക്കുന്ന വീഡിയോ കിട്ടിയോ? സത്യാവസ്ഥ അറിയാം
ഒരു ഇന്ത്യന്‍ സൈനികന്റെ നെറ്റിയില്‍ നിന്ന് മറ്റൊരു സൈനികന് പ്ലയര്‍ ഉപയോഗിച്ച് വെടിയുണ്ട വലിച്ചെടുക്കുന്ന വീഡിയോ ഒരു പക്ഷേ നിങ്ങള്‍ക്ക് വാട്സ്ആപ്പ്/ ഫേസ്ബുക്ക് വഴി ലഭിച്ചിരിക്കാം. കിട്ടിയില്ലെങ്കില്‍ അടുത്തുതന്നെ ആരെങ്കിലും ഫോര്‍വേഡ് ചെയ്യാന്‍ സാദ്ധ്യതയുണ്ട്.
‘സനാതനി ഔര്‍ മോഡിജി കാ ചൗകിദാര്‍’ എന്ന ഫേസ്ബുക്ക് പേജിലാണ് ഈ വീഡിയോ ആദ്യം വന്നത്. ‘നമ്മുടെ രാജ്യത്തെ പട്ടാളക്കാര്‍ എങ്ങനെയാണെന്ന് നോക്കൂ. തലയില്‍ വെടിയുണ്ട തറച്ചിട്ടും പുഞ്ചിരിക്കുന്നു. നീണാല്‍ വാഴൂ സഹോദരാ. ജയ്ഹിന്ദ്’ എന്ന കുറിപ്പോടെയാണ് ഈ വീഡിയോ പ്രസ്തുത പേജില്‍ പോസ്റ്റ് ചെയ്തത്. 4.17 ലക്ഷം പ്രാവശ്യം കാണുകയും 7100 പ്രാവശ്യം ഷെയര്‍ ചെയ്യപ്പെടുകയുമുണ്ടായിട്ടുണ്ട് ഈ വീഡിയോ.
എന്നാല്‍, നെറ്റിയില്‍ നിന്ന് വെടിയുണ്ട നീക്കം ചെയ്യുന്നത് ഇന്ത്യന്‍ സൈനികന്റേതല്ല, മറിച്ച് റഷ്യന്‍ സൈനികന്റേതാണ്. റഷ്യയിലെ ചെച്നിയയില്‍ 2000ല്‍ നടന്ന രണ്ടാം ചെച്ചന്‍ യുദ്ധത്തിനിടയിലാണ് ഈ സംഭവവും വീഡിയോ എടുക്കുന്നതും. മിലിറ്ററി പബ്ലിക് ഡൊമൈന്‍ എന്ന യു ട്യൂബ് ചാനലില്‍ 2013ലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. എന്തായാലും അമിത ദേശീയതയും പട്ടാള സ്നേഹവും കാണിക്കാന്‍ ഹിന്ദുത്വവാദികള്‍ ഈ വീഡിയോ ഉപയോഗിച്ചിരിക്കുകയാണ്. കഥയറിയാതെ ഷെയര്‍ ചെയ്യാന്‍ മറ്റുചിലരും.