കോവിഡ് വാക്‌സിന്‍ വിവരങ്ങളുടെ മോഷണ ശ്രമം: ആരോപണം നിഷേധിച്ച് റഷ്യ

കോവിഡ് വാക്‌സിന്‍ വിവരങ്ങളുടെ മോഷണ ശ്രമം: ആരോപണം നിഷേധിച്ച് റഷ്യ

മോസ്‌കോ: മറ്റു രാജ്യങ്ങളുടെ കോവിഡ് വാക്സിന്‍ ഗവേഷണ വിവരങ്ങള്‍ റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗം മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം നിഷേധിച്ച് യു.കെയിലെ റഷ്യന്‍ അംബാസഡര്‍. ആരോപണം കെട്ടുകഥയാണെന്നും അത് വിശ്വസിക്കുന്നില്ലെന്നും അംബാസഡര്‍ ആന്‍ഡ്രി കെലിന്‍ ബി.ബി.സിയോട് വ്യക്തമാക്കി.

വാക്സിന്‍ വികസിപ്പിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന യു.കെ, യു.എസ്, കനേഡിയന്‍ സംഘടനകളെ റഷ്യന്‍ ഭരണകൂടം സ്പോണ്‍സര്‍ ചെയ്യുന്ന ഹാക്കര്‍മാര്‍ ലക്ഷ്യമിടുന്നതായി ബ്രിട്ടണ്‍ ആരോപിച്ചിരുന്നു.

‘ഞാന്‍ ഈ കഥ ഒട്ടും വിശ്വസിക്കുന്നില്ല, അതില്‍ യാതൊരു അര്‍ത്ഥവുമില്ല’, ആന്‍ഡ്രി കെലിന്‍ പറഞ്ഞു.

ബ്രിട്ടിഷ് രാഷ്ട്രീയത്തില്‍ റഷ്യ ഇടപെട്ടുവെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. വാക്സിന്‍ നിര്‍മ്മിക്കാനുള്ള ഗവേഷണ ശ്രമങ്ങളില്‍ മുന്നിലുള്ള രാജ്യമാണ് ബ്രിട്ടണ്‍. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെയും ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെയും ഗവേഷകര്‍ അതിനായി പ്രവര്‍ത്തിച്ചുവരികയാണ്.

റഷ്യയുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഭാഗമായ APT29 എന്നറിയപ്പെടുന്ന ഒരു ഗ്രൂപ്പാണ് റഗ് കമ്പനികളെയും ഗവേഷണ ഗ്രൂപ്പുകളെയും ലക്ഷ്യമിടുന്നതെന്ന് ബ്രിട്ടന്റെ ദേശീയ സൈബര്‍ സുരക്ഷാ കേന്ദ്രം ആരോപിച്ചിരുന്നു. എന്നാല്‍, മെഡിക്കല്‍ രഹസ്യങ്ങള്‍ മോഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ നടന്നവുവെന്ന് അവകാശപ്പെടുന്ന സൈബര്‍ അതിക്രമങ്ങളില്‍ ഏതെങ്കിലും വിജയകരമായിരുന്നോ എന്നതു സംബന്ധിച്ച് യു.കെ ഇതുവരെ വ്യക്തത നല്‍കിയിട്ടില്ല.

‘ഞങ്ങള്‍ ഒരുതലത്തിലുള്ള ഇടപെടലുകളും നടത്താന്‍ ശ്രമിച്ചിട്ടില്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം, ഈ രാജ്യത്തിന്റെ തലപ്പത്തുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയോ ലേബര്‍ പാര്‍ട്ടിയോ ആകട്ടെ, മികച്ച ബന്ധം കാത്തു സൂക്ഷികുന്നവരാണ്. അത് കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകുകയും ചെയ്യും’- അംബാസഡര്‍ കെലിന്‍ പറഞ്ഞു.

Share this story