രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമേണ വർധിക്കുന്നത് മധ്യവയസ്സിലെത്തുമ്പോൾ ഓർമശക്തിയെയും ചിന്താശേഷിയെയും പ്രതികൂലമായി ബാധിക്കാമെന്ന് പുതിയ പഠനം. പ്രമേഹം സ്ഥിരീകരിക്കാത്തവരിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് ദീർഘകാലം ഉയർന്നുനിൽക്കുന്നത് ബൗദ്ധിക പ്രവർത്തനങ്ങളെ ബാധിക്കാമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.
ഏകദേശം 30 വർഷം നീണ്ട പഠനത്തിൽ 2,808 പേരുടെ ആരോഗ്യവിവരങ്ങളാണ് ഗവേഷകർ പരിശോധിച്ചത്. പഠനം ആരംഭിക്കുമ്പോൾ ഇവർക്ക് 18നും 30നും ഇടയിലായിരുന്നു പ്രായം. പിന്നീട് ശരാശരി 55 വയസ്സിലെത്തിയപ്പോൾ ഇവരുടെ ഓർമശക്തി, വിവരങ്ങൾ വേഗത്തിൽ മനസ്സിലാക്കാനുള്ള കഴിവ്, തീരുമാനമെടുക്കൽ തുടങ്ങിയവ വിലയിരുത്തി.
രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമേണ വർധിച്ചവരും ടൈപ്പ് 2 പ്രമേഹം ബാധിച്ചവരും ഓർമശക്തി, വിവരസംസ്കരണ വേഗത, നിർവഹണശേഷി എന്നിവ പരിശോധിക്കുന്ന പരീക്ഷകളിൽ താരതമ്യേന കുറഞ്ഞ പ്രകടനമാണ് കാഴ്ചവെച്ചത്.
പ്രമേഹം ബാധിച്ചവരിൽ നടത്തിയ എംആർഐ പരിശോധനയിൽ തലച്ചോറിലെ ഗ്രേ മാറ്ററിന്റെ അളവ് കുറയുന്നതും വൈറ്റ് മാറ്ററിൽ അസാധാരണ മാറ്റങ്ങൾ ഉണ്ടാകുന്നതും കണ്ടെത്തി. തലച്ചോറിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതാണ് ഈ മാറ്റങ്ങൾ.
അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ജേണലായ Journal of the American Heart Association ലാണ് പഠനം പ്രസിദ്ധീകരിച്ചത്.
എന്നാൽ രക്തത്തിലെ പഞ്ചസാരയുടെ വർധന നേരിട്ട് ഓർമശക്തി കുറയാൻ കാരണമാകുന്നുവെന്ന് പഠനം തെളിയിക്കുന്നില്ല. രക്തത്തിലെ പഞ്ചസാരയുടെ അളവ് നേരത്തേ മുതൽ നിരീക്ഷിക്കേണ്ടതിന്റെയും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരേണ്ടതിന്റെയും പ്രാധാന്യമാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.