ആരോഗ്യമന്ത്രിക്കെതിരായ വധശ്രമം: അഞ്ച് കെ എസ് യു പ്രവർത്തകർ റിമാൻഡിൽ
ആരോഗ്യമന്ത്രി വീണ ജോർജിനെതിരായ അതിക്രമവുമായി ബന്ധപ്പെട്ട വധശ്രമ കേസിൽ പിടിയിലായ അഞ്ച് കെ എസ് യു പ്രവർത്തകർ റിമാൻഡിൽ. ഇന്നലെ രാത്രിയാണ് വൈദ്യ പരിശോധനക്ക് ശേഷം ഇവരെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുൽ, അഹമ്മദ് യാസീൻ, സി എച്ച് മുബാസ്, വി വി അക്ഷയ്, ബിതുൽ ബാലൻ എന്നിവരെയാണ് റിമാൻഡ് ചെയ്തത്
കൊല്ലെടാ എന്നാക്രോശിച്ച് കൊണ്ട് ആയുധം ഉപയോഗിച്ച് മന്ത്രിയുടെ കഴുത്തിൽ പരുക്കേൽപ്പിച്ചു എന്നാണ് കേസ്. കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്ത കെ എസ് യു പ്രവർത്തകരെ റെയിൽവേ പോലീസിന് കൈമാറുകയായിരുന്നു. എ കെ ജി ആശുപത്രിക്ക് മുന്നിൽ വെച്ച് കരിങ്കൊടി കാണിച്ച ആറ് യൂത്ത് ലീഗ് പ്രവർത്തകരെയും റിമാൻഡ് ചെയ്തു
മന്ത്രിയുടെ വാഹനത്തിന് മുന്നിലെ ഫ്‌ളാഗ് പോസ്റ്റ് നശിപ്പിച്ചതടക്കമുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ കെ ഷിനാജ്, ട്രഷറർ ഷബീർ എടയന്നൂർ, സെക്രട്ടറി അഷ്‌കർ കണ്ണാടിപറമ്പ, ജാബിർ, നിസാം, നിഹാൽ ഇരിക്കൂർ എന്നിവരെയാണ് റിമാൻഡ് ചെയ്തത്.