മഴ മുന്നറിയിപ്പിൽ മാറ്റം: 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്; കണ്ണൂർ, കാസർകോട് റെഡ് അലർട്ട്
May 24, 2025, 14:06 IST
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി. തിരുവനന്തപുരം മുതൽ വയനാട് വരെയുള്ള 12 ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിലെ റെഡ് അലർട്ടിൽ മാറ്റമില്ല. മറ്റന്നാൾ (മെയ് 26) 11 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിവയാണ് ഈ ജില്ലകൾ. കാലവർഷം നേരത്തെ എത്തിയതോടെ സംസ്ഥാനത്ത് മഴ കനക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി തെക്കൻ ജില്ലകളിൽ അതിശക്തമായ മഴയും വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയും ഉണ്ടാകുമെന്നാണ് ഏറ്റവും പുതിയ മുന്നറിയിപ്പ് വ്യക്തമാക്കുന്നത്. അതിനാൽ പൊതുജനങ്ങൾ കനത്ത ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. 15 വർഷത്തിന് ശേഷമാണ് കാലവർഷം ഇത്ര നേരത്തെ എത്തുന്നത് എന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. സാധാരണയായി ജൂൺ ഒന്നിനാണ് കാലവർഷം കേരളത്തിൽ എത്തുക. എന്നാൽ ഈ വർഷം ഒരാഴ്ച മുമ്പേ കാലവർഷം കേരളത്തിലെത്തി.