കൊച്ചി: ദത്തെടുക്കപ്പെട്ട കുട്ടി എല്ലാ അര്‍ത്ഥത്തിലും മാതാപിതാക്കളുടെ സ്വന്തം കുട്ടിയെന്ന് കേരള ഹൈക്കോടതി. ജനിച്ച കുടുംബവുമായുള്ള ബന്ധം വേര്‍പെട്ടാല്‍ ദത്തെടുത്ത കുടുംബത്തിലെ അംഗമാകും. ദത്തെടുത്ത കുട്ടികളെ കുടുംബം സ്വന്തം മക്കളായാണ് കാണുന്നതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ദത്തുപുത്രിയെന്നും ദത്തുപുത്രനെന്നും ആരും വിളിക്കാറില്ല. സര്‍ക്കാര്‍ രേഖകളിലെ ദത്തുപുത്രന്‍/ദത്തുപുത്രി വിശേഷണം ഒഴിവാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. മകന്‍ അല്ലെങ്കില്‍ മകള്‍ എന്നുമാത്രം രേഖപ്പെടുത്തിയാല്‍ മതി. ഇ – ഡിസ്ട്രിക്ട് പോര്‍ട്ടലിലെ ഓപ്ഷന്‍ സര്‍ക്കാര്‍ ഉടന്‍ നീക്കണം എന്നാണ് കോടതി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റേതാണ് സുപ്രധാന വിധി.
ഒരു മാസം പ്രായമുള്ളപ്പോള്‍ ദത്തെടുക്കപ്പെട്ട യുവതി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണം. 2023-ല്‍ അമ്മ മരിച്ചപ്പോള്‍ ലഭിച്ച അനന്തരാവകാശ സര്‍ട്ടിഫിക്കറ്റില്‍ യുവതിയെ ‘മകള്‍’ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം പിതാവ് മരിച്ചപ്പോള്‍ നല്‍കിയ അനന്തരാവകാശ സര്‍ട്ടിഫിക്കറ്റില്‍ ‘ദത്തുപുത്രി’ എന്ന് രേഖപ്പെടുത്തി. ഇതിനെതിരെയാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. ചില ബന്ധങ്ങള്‍ ജനനത്തിലൂടെയും മറ്റ് ചിലത് ദത്തെടുക്കലിലൂടെയും ഉണ്ടാകുന്നു. വഴികള്‍ വ്യത്യസ്തമാണെങ്കിലും ‘മകള്‍’ അല്ലെങ്കില്‍ ‘മകന്‍’ എന്ന പദത്തില്‍ ആ വ്യത്യാസം കൊണ്ടുവരേണ്ടതില്ലെന്ന് കോടതി നിരീക്ഷിച്ചു. ഹര്‍ജിക്കാരിക്ക് നേരത്തെ നല്‍കിയ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയ കോടതി, ‘ദത്തുപുത്രി’ എന്നതിന് പകരം ‘മകള്‍’ എന്ന് രേഖപ്പെടുത്തി പുതിയ അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
1956-ലെ ഹിന്ദു അഡോപ്ഷന്‍സ് ആന്‍ഡ് മെയിന്റനന്‍സ് ആക്ട് (HAMA) സെക്ഷന്‍ 12, 2015-ലെ ബാലനീതി നിയമം (Juvenile Justice Act) എന്നിവ പ്രകാരം ദത്തെടുക്കല്‍ പൂര്‍ത്തിയാകുന്നതോടെ കുട്ടിക്ക് ജന്മം നല്‍കിയ കുട്ടികള്‍ക്കുള്ള എല്ലാ നിയമപരമായ അവകാശങ്ങളും ലഭിക്കുന്നു. ദത്തെടുക്കുന്ന തീയതി മുതല്‍ ജനിച്ച കുടുംബവുമായുള്ള എല്ലാ നിയമപരമായ ബന്ധങ്ങളും സ്വത്തവകാശങ്ങളും അവസാനിക്കുകയും പുതിയ കുടുംബത്തിലെ പൂര്‍ണ്ണ അവകാശിയായി കുട്ടി മാറുകയും ചെയ്യുന്നു.