{"vars":{"id": "89527:4990"}}

ടിനി ടോമിനെതിരായ അൻസിബയുടെ പരാതി അന്വേഷിക്കാൻ അഞ്ചം​ഗ സമിതി; തുറന്നു പറച്ചിൽ നടത്തിയ അംഗങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ്

 

നടൻ ടിനി ടോമിനെതിരേ അൻസിബ ഹസൻ നൽകിയ പരാതി അന്വേഷിക്കാൻ പാനൽ രൂപീകരിച്ചതായി അമ്മ പ്രസിഡന്‍റ് ശ്വേത മേനോൻ. മറ്റു കാര്യങ്ങൾ അവരെ ഇമെയിലിലൂടെ അറിയിക്കുമെന്നും ശ്വേത മേനോൻ മാധ്യമങ്ങളോട് പറഞ്ഞു. പരാതി അന്വേഷിക്കാൻ അഞ്ചം​ഗ സമിതിയെയാണ് രൂപീകരിച്ചിരിക്കുന്നത്.

അഞ്ചംഗ സമിതിയിൽ പ്രസിഡന്‍റു ജനറൽ സെക്രട്ടറിയും ഉൾപ്പെടെ പുറത്തുനിന്നുള്ള അംഗങ്ങളുമുണ്ടാകും. എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ ഇല്ലാത്ത മൂന്ന് പേരാവും പാനലിൽ ഉണ്ടാവുക. നമ്മുടെ സംഘടനയിലുള്ള ചിലയാളുകൾ അനുവാദമില്ലാതെ ചില കാര്യങ്ങൾ മാധ്യമങ്ങൾക്ക് മുൻപാകെ പറഞ്ഞിരുന്നു. മാധ്യമങ്ങളെ കണ്ട ഇസി അം​ഗങ്ങൾ ഉൾപ്പെടെയുള്ളവർക്ക് നിയമപരമായി കാരണം കാണിക്കൽ നോട്ടീസ് അയക്കുമെന്നും ശ്വേത പറഞ്ഞു.

ടിനി ടോമിനെതിരേ അന്വേഷണം നടത്താൻ സ്വതന്ത്ര സമിതി വേണമെന്നായിരുന്നു അൻസിബയുടെ ആവശ്യം. എന്നാൽ ഇത് തള്ളിയ ശ്വേത ഓരോ അം​ഗങ്ങളും ഓരോ കാര്യങ്ങൾ ചോദിക്കാൻ തുടങ്ങിയാൽ നമുക്കത് ചെയ്യാൻ പറ്റില്ല. പ്രസിഡന്‍റും ജനറൽ സെക്രട്ടറിയും ഇല്ലാത്ത ഒരു പാനലുമുണ്ടാകില്ലെന്നും വ്യക്തമാക്കി.