പാർട്ടിയിൽ നടക്കുന്നത് ശീതസമരം: മുൻ മന്ത്രി വി സുരേന്ദ്രൻ പിള്ള ആർ ജെ ഡി വിട്ടു
Mar 19, 2026, 14:17 IST
തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർഥിയാകുമെന്ന അഭ്യൂഹങ്ങൾക്കിടെ ആർജെഡി വിട്ട് മുൻ മന്ത്രി വി സുരേന്ദ്രൻ പിള്ള. കൂടൂതൽ ആർജെഡി നേതാക്കൾ രാജിവെയ്ക്കുമെന്നും മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും വി സുരേന്ദ്രൻപിള്ള പറഞ്ഞു. ആർജെഡിയിൽ നടക്കുന്നത് ശീതസമരമെന്നും വി സുരേന്ദ്രൻപിള്ള പറഞ്ഞു.
ആവശ്യമായ സീറ്റ് ലഭിച്ചില്ല. എൽഡിഎഫ് വിടാനായിരുന്നു ആർജെഡി തീരുമാനം. സംസ്ഥാന സമിതി യോഗത്തിലെ ഭൂരിപക്ഷഭിപ്രായം എൽഡിഎഫ് വിടാനായിരുന്നു. ആർജെഡി മൂന്ന് സീറ്റിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത് തങ്ങളെ അംഗീകരിക്കാതെയാണെന്നും സുരേന്ദ്രൻ പിള്ള പറഞ്ഞു.
മത്സരിക്കുന്ന കാര്യം ഇനിയാണ് ആലോചിക്കേണ്ടത്. തിരുവനന്തപുരം മണ്ഡലത്തിൽ വ്യക്തിബന്ധങ്ങളുണ്ട്. ഇടതുമുന്നണിയുമായി ഇനി ബന്ധമില്ലെന്ന് സുരേന്ദ്രൻ പിള്ള പറഞ്ഞു. ആർജെഡി വിട്ടവരുടെ കൺവെൻഷൻ ഉടനെയുണ്ടാകുമെന്ന് അദേഹം പറഞ്ഞു.