തിരുവനന്തപുരത്ത് റോഡ് പണിക്കിടെ ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി ചോർച്ച; വൻ ദുരന്തം ഒഴിവായി
തിരുവനന്തപുരം: നഗരത്തിലെ കുമാരപുരം പൂന്തി റോഡിൽ റോഡ് നിർമാണ പ്രവർത്തനങ്ങൾക്കിടെ ഗ്യാസ് പൈപ്പ് ലൈനിൽ ചോർച്ച കണ്ടെത്തി. റോഡിന്റെ ഇരുവശങ്ങളിലുമുള്ള ഓടകൾ ജെസിബി ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടയിലാണ് അടിയിലൂടെ കടന്നുപോയിരുന്ന ഗ്യാസ് പൈപ്പ് ലൈനിൽ പൊട്ടലുണ്ടായത്.
ഓട വൃത്തിയാക്കുന്നതിനിടെ ജെസിബിയുടെ കൈകൾ തട്ടിയാണ് പൈപ്പ് ലൈനിൽ ചെറിയ രീതിയിലുള്ള പൊട്ടലുണ്ടായത്. തുടർന്ന് അന്തരീക്ഷത്തിലേക്ക് ഗ്യാസ് ചോരാൻ തുടങ്ങിയത് പ്രദേശത്ത് നേരിയ പരിഭ്രാന്തി പരത്തി. എന്നാൽ ചോർച്ച ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ നാട്ടുകാർ വിവരം ബന്ധപ്പെട്ട അധികൃതരെ അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് ഫയർഫോഴ്സ് സംഘവും ഗ്യാസ് അതോറിറ്റി അധികൃതരും അടിയന്തരമായി സ്ഥലത്തെത്തി ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചു. അപകടസാധ്യത ഒഴിവാക്കുന്നതിനായി ഈ ഭാഗത്തേക്കുള്ള വാതക വിതരണം വാൽവ് അടച്ച് പൂർണ്ണമായി തടയുകയും പൈപ്പ് ലൈനിലെ ചോർച്ച വേഗത്തിൽ പരിഹരിക്കുകയും ചെയ്തു. നിലവിൽ ഗ്യാസ് ചോർച്ച പൂർണ്ണമായും അടച്ചിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു.