സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്നും നാളെയും എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്നും നാളെയും മഴ കനത്തേക്കും എന്ന് മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ,തൃശ്ശൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്കേർപ്പെടുത്തി.
അതേസമയം മോൻത ചുഴലിക്കാറ്റ് ആന്ധ്ര തീരത്തോട് അടുക്കുകയാണ്. മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിലാണ് കാറ്റ് തീരത്തോട് അടുക്കുന്നത്. ഇന്ന് വൈകുന്നേരത്തോടെ ചുഴലിക്കാറ്റ് തീരത്ത് കടക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ആന്ധ്രയിലെ തീര പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. 16 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു
ഒഡീഷ, തമിഴ്‌നാട്, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളിലും ജാഗ്രതാ നിർദേശം നൽകി. ഇന്നും നാളെയുമായി 100ലേറെ ട്രെയിനുകളുടെ സർവീസുകൾ റദ്ദാക്കി. വിമാന സർവീസുകളെയും ചുഴലിക്കാറ്റ് ബാധിക്കുമെന്നാണ് വിവരം. വിവിധ സംസ്ഥാനങ്ങളിലായി 22 ദുരന്തനിവാരണ സേനകളെ വിന്യസിച്ചിട്ടുണ്ട്.