{"vars":{"id": "89527:4990"}}

എൽഡിഎഫോ യുഡിഎഫോ അധികാരത്തിലെത്തിയാൽ ലൗ ജിഹാദ് നടപ്പാക്കും; വിവാദ പരാമർശവുമായി പി.കെ. കൃഷ്ണദാസ്

 

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത കാട്ടാക്കടയിലെ പൊതുസമ്മേളനത്തിൽ വർഗീയ പരാമർശവുമായി ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ്. എൽഡിഎഫോ യുഡിഎഫോ കേരളത്തിൽ അധികാരത്തിലെത്തിയാൽ ലൗ ജിഹാദ് നടപ്പാക്കുമെന്ന കൃഷ്ണദാസിന്‍റെ പരാമർശമാണ് വിവാദമായിരിക്കുന്നത്.

എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ അധികാരത്തിലെത്തിയാൽ നിയന്ത്രിക്കുന്നത് ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയുമായിരിക്കും. ഹിന്ദു-ക്രിസ്ത്യൻ കുടുംബങ്ങളിലെ പെൺകുട്ടികളെ പ്രണയം നടിച്ച് രാജ്യദ്രോഹപ്രവർത്തനങ്ങൾക്ക് റിക്രൂട്ട് ചെയ്യുമെന്നും കൃഷ്ണദാസ് ആരോപിച്ചു.

കൈപ്പത്തിയിൽ വോട്ടുചെയ്താലും അരിവാൾചുറ്റിക നക്ഷത്രത്തിൽ വോട്ടുചെയ്താലും ഹിന്ദു, ക്രൈസ്തവ ഭവനങ്ങളിലെ പെൺകുട്ടികളെ പ്രണയം നടിച്ച് രാജ്യദ്രോഹ പ്രവർത്തനത്തിന് റിക്രൂട്ട് ചെയ്യുന്ന പ്രവർത്തനമായിരിക്കും നടക്കുക. ഇതിന് അനുവദിക്കണമോ എന്ന് കേരളത്തിലെ വോട്ടർമാർ ചിന്തിക്കണം.

അപകടകരമായ സാഹചര്യം കേരളത്തിൽ വരാൻ പോവുകയാണ്. ഒരുഭാഗത്ത് ജമാഅത്തെ ഇസ്ലാമി, മറുഭാഗത്ത് എസ്ഡിപിഐ. ഇത് രണ്ടും രാജ്യദ്രോഹ, പാക് അനുകൂല സംഘടനകളാണ്. ഈ രണ്ട് സംഘടനകളുമായിട്ടാണ് കോൺഗ്രസും മാർക്‌സിസ്റ്റ് പാർട്ടിയും സഖ്യവും സഹകരണവും ഉണ്ടാക്കി.- കൃഷ്ണദാസ് പറഞ്ഞു.