{"vars":{"id": "89527:4990"}}

കുട്ടിക്കാലം മുതൽ ഒരുപാട് ഇഷ്ടമായിരുന്നു, അറിയാതെ സംഭവിച്ചുപോയതാണ്; കുറിപ്പുമായി മഞ്ജുവാര്യരെ ചുംബിച്ച യുവതി: മറുപടി നൽകി നടി

 

ഉദ്ഘാടന ചടങ്ങിനിടെ നടി മഞ്ജുവാര്യരെ ബലമായി ചുംബിച്ചതിന്‍റെ വിഡിയോ പുറത്തുവന്നിരുന്നു. പിന്നാലെ ആരാധികയ്ക്കെതിരേ രൂക്ഷ വിമർശനവും ഉയർന്നിരുന്നു. ഇപ്പോൾ സംഭവത്തേക്കുറിച്ച് യുവതി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. കുട്ടിക്കാലം മുതൽ തനിക്ക് ഒരുപാട് ഇഷ്ടമുള്ള നടിയാണ് മഞ്ജു വാര്യർ എന്നാണ് യുവതി പറയുന്നത്. ചേച്ചിയെ കണ്ടാൽ കെട്ടിപ്പിടിച്ചു ഉമ്മ കൊടുക്കണമെന്ന് എല്ലാവരോടും പറയുമായിരുന്നു. എന്നാൽ ചേച്ചി തന്‍റെ മുന്നിൽ വന്നപ്പോൾ അറി‍യാതെ സംഭവിച്ചുപോയതാണ് എന്നാണ് അവർ കുറിക്കുന്നത്. പോസ്റ്റിന് കമന്‍റുമായി മഞ്ജു വാര്യരും എത്തി. ഒരുപാട് സ്നേഹം നന്ദി എന്നാണ് മഞ്ജു മറുപടിയായി കുറിച്ചത്.

കുട്ടികാലം മുതൽ ഒരുപാട് ഒരുപാട് ഇഷ്ട്ടമുള്ള ചേച്ചിയാണ് അപ്പൊ മുതൽ മനസ്സിൽ ഉള്ളതാണ് ഒന്ന് നേരിൽകാണാൻ.ആ ഇഷ്ട്ടവും വളരുന്നതിനു അനുസരിച് ഒരുപാട് വലുത് ആയിരിന്നു. എന്റെ സുഹൃത്തുക്കളോടും ബന്ധുക്കളോടും കൂടെ ജോലി ചെയ്യുന്നവരോടും പറയും ഞാൻ മഞ്ജു ചേച്ചിയെ നേരിട്ട് കാണണം കണ്ടാൽ കെട്ടിപിടിച്ചു ഉമ്മ കൊടുക്കണം എന്നൊക്കെ. അന്ന് നടക്കില്ല എന്ന് അറിയാം. എന്നാലും അത്രമേൽ ഇഷ്ട്ടം ഉള്ളത് കൊണ്ട് പറയുന്നതാണ്. പക്ഷെ അത് ലൈഫിൽ സത്യം ആയപ്പോൾ ഞാൻ പോലും അറിയാതെ എന്റെ മനസ്സിലെ ആഗ്രഹം അത് കണ്ണുനീരായി ഞാൻ മനസ്സിൽ ആഗ്രഹിച്ചത് എന്റെ മുന്നിൽ വന്നപ്പോൾ അറിയാതെ.. സംഭവിച്ചു പോയതാണ്... ലവ് യൂ മഞ്ജുച്ചേച്ചി.- യുവതി കുറിച്ചു.

പാലക്കാട് നടന്ന ജ്വല്ലറി ഉദ്ഘാടനത്തിനിടെയാണ് സംഭവമുണ്ടായത്. വേദിയിലേക്ക് കയറി വന്ന യുവതി ബലമായി മഞ്ജുവിനെ ചുംബിക്കുകയായിരുന്നു. അവതാരക മീര അനിൽ ഉൾപ്പടെയുള്ളവർ ഇത് കണ്ട് എന്തുചെയ്യണമെന്ന് അറിയാതെ നിൽക്കുന്നത് വിഡിയോയിൽ കാണാമായിരുന്നു. ഇത് ശരിയായ പെരുമാറ്റമല്ലെന്ന് സൂചിപ്പിച്ച് അവതാരക സംസാരിച്ചപ്പോൾ തനിക്ക് മഞ്ജു ചേച്ചിയെ ഇഷ്ടമാണെന്നും അതുകൊണ്ടാണ് ചുംബിച്ചത് എന്നും യുവതി വിളിച്ചുപറയുകയായിരുന്നു. വിഡിയോ വൈറലായതോടെ വലിയ വിമർശനമാണ് ഇവർക്കെതിരേ ഉയർന്നത്.