രണ്ടാം ഘട്ട പട്ടികയിലും കണ്ണൂർ ഉണ്ടാകില്ല; കെ സുധാകരനോട് കാത്തിരിക്കാൻ നിർദേശം
കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയിലും കണ്ണൂർ ഉണ്ടായിരിക്കില്ല. രണ്ടാംഘട്ട പട്ടികയിൽ കണ്ണൂർ ഒഴിച്ചിടുമെന്നാണ് വിവരം. ഇന്ദിരാ ഭവനിൽ ചേരുന്ന കോർ കമ്മിറ്റി യോഗത്തിൽ നേതാക്കൾ ചർച്ചകൾ നടത്തുകയാണ്. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയും വിഷയം പരിശോധിക്കും. കെ സുധാകരനോട് കാത്തിരിക്കാൻ കോൺഗ്രസ് നേതൃത്വം നിർദേശം നൽകി.
കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് തന്നെയുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്ന് മത്സരിക്കുമെന്ന ഉറച്ച നിലപാടിലാണ് കെ സുധാകരൻ. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള നീക്കങ്ങളും സുധാകരൻ തുടങ്ങിയിട്ടുണ്ട്.
കണ്ണൂർ സീറ്റ് നൽകിയില്ലെങ്കിൽ സുധാകരൻ കടുത്ത നിലപാടിലേക്ക് പോകുമെന്ന് കോൺഗ്രസിന് അറിയാം. അതുകൊണ്ടുതന്നെ സുധാകരനെ അനുനയിപ്പിച്ച് ഒപ്പം നിർത്താനാണ് കോൺഗ്രസ് തീരുമാനം. ഇന്നലെ സുധാകരൻ അനുകൂലികൾ കണ്ണൂരിൽ പ്രകടനം നടത്തിയിരുന്നു. കണ്ണൂരിന്റെ പല ഭാഗങ്ങളിലും സുധാകരന് പിന്തുണ അറിയിച്ച് ഫ്‌ളക്‌സ് ബോർഡുകളും ഉയർന്നിട്ടുണ്ട്.