{"vars":{"id": "89527:4990"}}

മലയാളം ഇനി ഭരണഭാഷ; സുപ്രധാനമായ മലയാള ഭാഷാ ബില്ലിൽ ഗവർണർ ഒപ്പിട്ടു
 

 

മലയാളം ഇനി ഭരണഭാഷയാകും. മലയാള ഭാഷ നിർബന്ധമാക്കുന്ന സുപ്രധാന നിർദേശങ്ങളടങ്ങിയ മലയാള ഭാഷാ ബില്ലിൽ ഗവർണർ രാജേന്ദ്ര അർലേക്കർ ഒപ്പിട്ടു. ഗവർണർ അംഗീകാരം നൽകിയതോടെ നിയമം വൈകാതെ പ്രാബല്യത്തിൽ വരും. നേരത്തെ യുഡിഎഫ് സർക്കാർ പാസാക്കിയ ബില്ലിന് രാഷ്ട്രപതി അനുമതി നൽകിയിരുന്നില്ല

ഔദ്യോഗിക ഭാഷ മലയാളമാക്കാനും മലയാളം സാർവത്രികമാക്കാനും നടത്തിയ വിപുലമായ ചർച്ചകൾക്ക് ശേഷമാണ് ബിൽ തയ്യാറാക്കിയത്. ആക്ട് 1969 പ്രകാരം സംസ്ഥാനത്ത് ഇംഗ്ലീഷും മലയാളവും ഔദ്യോഗിക ഭാഷകളാണ്. ഇതിന് പകരം സമഗ്ര മലയാള ഭാഷാ നിയമം ഉറപ്പാക്കുകയാണ് ബില്ലിന്റെ ലക്ഷ്യം

ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ മലയാളം നിർബന്ധമാക്കുക, സർവകലാശാല പാഠ്യക്രമങ്ങളിൽ മലയാളം ഒരു പേപ്പറായി പരിഗണിക്കുക, കോടതിഭാഷ, സർക്കാർ ഉത്തരവുകൾ തുടങ്ങിയവ മലയാളത്തിലാക്കുക, മലയാളം പഠന ഭാഷയാക്കിയവർക്ക് പ്രൊഫഷണൽ കോഴ്‌സുകളിൽ സംവരണം നൽകുക, പി എസ് സി പരീക്ഷകൾ മലയാളത്തിലാക്കുക തുടങ്ങിയവയാണ് ബില്ലിലെ പ്രധാന നിർദേശങ്ങൾ