{"vars":{"id": "89527:4990"}}

ക്യാപ്റ്റൻ കളത്തിൽ: ധർമടത്ത് പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു

 

ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു. തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത്. ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തു നിന്ന് ജനവിധി തേടുന്നത്. ഇപി ജയരാജൻ, സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, പി ശശി അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

ഇന്നലെ വൈകിട്ട് മമ്പറത്ത് നടന്ന എൽഡിഎഫ് കൺവെൻഷനിൽ പത്തനാപുരം ഗാന്ധിഭവൻ അന്തേവാസികൾ മുഖ്യമന്ത്രിക്ക് കെട്ടിവയ്ക്കാനുള്ള പണം കൈമാറിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എൽഡിഎഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ബിനോയ് വിശ്വം, ശ്രേയസ് കുമാർ എന്നിവർ കൺവെൻഷനിൽ സംസാരിച്ചു.

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വിപി അബ്ദുൽ റഷീദാണ് ധർമടത്തെ യുഡിഎഫ് സ്ഥാനാർഥി. കഴിഞ്ഞ തവണ തളിപ്പറമ്പിൽ എംവി ഗോവിന്ദന്റെ ഭൂരിപക്ഷം കുറച്ച ആത്മവിശ്വാസത്തിലാണ് റഷീദ് ഇത്തവണ ധർമടത്ത് മത്സരിക്കുന്നത്. തളിപ്പറമ്പിൽ ടി കെ ഗോവിന്ദന് യുഡിഎഫ് പിന്തുണ കൊടുക്കുന്ന സാഹചര്യത്തിലാണ് അബ്ദുൽ റഷീദ് ധർമടത്തേക്ക് എത്തുന്നത്.