യൂത്ത് കോൺഗ്രസിന്റെ പുതിയ നേതൃത്വം ഇന്ന് ചുമതലയേൽക്കും; ചടങ്ങ് കെപിസിസി ഓഫീസിൽ
സംസ്ഥാന യൂത്ത് കോൺഗ്രസിന്റെ പുതിയ നേതൃത്വം ഇന്ന് ചുമതലയേൽക്കും. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി ഒ.ജെ ജനീഷും, വർക്കിംഗ് പ്രസിഡന്റായി ബിനു ചുള്ളിയിലുമാണ് ചുമതലയേൽക്കുന്നത്. കെപിസിസി ഓഫീസിൽ രാവിലെ 11 മണിക്കാണ് ചുമതലയേൽക്കൽ ചടങ്ങ്.
യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ചടങ്ങിൽ പങ്കെടുക്കും. വി.ഡി സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കില്ല. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷപദവിയിലേക്ക് ഒ.ജെ ജനീഷിനെ പ്രഖ്യാപിച്ചത്.
സമുദായിക സമവാക്യമാണ് അധ്യക്ഷനായി തിരഞ്ഞെടുത്ത ഒ.ജെ ജനീഷിന് തുണയായത്. ഈഴവ വിഭാഗത്തിൽപ്പെട്ട ജനീഷിന് ഷാഫി പറമ്പിലിന്റെ പിന്തുണയുമുണ്ടായിരുന്നു. കീഴ് വഴക്കങ്ങൾ മറികടന്ന് ബിനു ചുള്ളിയിലിനെ വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് നിയമിച്ചത് കെസി വേണുഗോപാൽ പക്ഷക്കാരൻ ആയതു കൊണ്ടാണെന്ന വിമർശനമുണ്ട്. ആദ്യമായാണ് യൂത്ത് കോൺഗ്രസിന് വർക്കിംഗ് പ്രസിഡന്റ് ഉണ്ടാകുന്നത്.