യുഡിഎഫ് എന്തായാലും അധികാരത്തിലെത്തും; രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് പിജെ കുര്യൻ
യുഡിഎഫ് അധികാരത്തിലെത്തിയാൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പിജെ കുര്യൻ. യുഡിഎഫ് ജയിക്കുമെന്നും രമേശ് ചെന്നിത്തല ആയിരിക്കും മുഖ്യമന്ത്രിയെന്നും പി ജെ കുര്യൻ പറഞ്ഞു. തിരുവല്ലയിൽ യുഡിഎഫ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു പിജെ കുര്യൻ. ചെന്നിത്തല വേദിയിലിരിക്കെയാണ് കുര്യന്റെ പ്രസ്താവന
എന്തായാലും ഫലം വരുമ്പോൾ നമ്മൾ ജയിക്കും. രമേശ് ആകും മുഖ്യമന്ത്രിയാകുക. രമേശ് ചെന്നിത്തല പറയുന്നത് പാർട്ടിയാണ് തീരുമാനിക്കുക എന്നാണ്. എന്നാൽ ഇക്കാര്യത്തിൽ എനിക്ക് സംശയമൊന്നുമില്ലെന്നും പിജെ കുര്യൻ പറഞ്ഞു. യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നാണ് നേരത്തെ വിഡി സതീശനും സണ്ണി ജോസഫും പറഞ്ഞിരുന്നത്
ഇതിനിടയിലാണ് രമേശ് മുഖ്യമന്ത്രിയാകുമെന്ന് പിജെ കുര്യൻ പരസ്യമായി പറയുന്നത്. നേരത്തെ കെ സുധാകരനും രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞിരുന്നു. എന്നാൽ മുഖ്യമന്ത്രി സ്ഥാനത്തിനായി കലഹത്തിനില്ലെന്നും ഹൈക്കമാൻഡ് തീരുമാനം അനുസരിക്കുമെന്നുമാണ് സതീശൻ പറഞ്ഞത്