ഉഷ ജോസഫിന്റെ വയറ്റിൽ നിന്നും കത്രിക പുറത്തെടുക്കാനുള്ള ശസ്ത്രക്രിയ ഉടൻ; നിയമനടപടിയുമായി മുന്നോട്ടെന്ന് ഭർത്താവ്
Feb 20, 2026, 08:11 IST
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഞ്ച് വർഷം മുമ്പ് നടന്ന ശസ്ത്രക്രിയക്കിടെ വീട്ടമ്മയുടെ വയറ്റിൽ കുടുങ്ങിയ കത്രിക പുറത്തെടുക്കാനുള്ള ശസ്ത്രക്രിയ ഉടൻ നടക്കും. എറണാകുളം അമൃത ആശുപത്രിയിലാണ് ശസ്ത്രക്രിയ. ഉഷ ജോസഫിനെ ഇന്നലെ രാത്രിയോടെ ആശുപത്രിയിൽ എത്തിച്ചിരുന്നു
ബുധനാഴ്ച സ്വകാര്യ ലാബിൽ നടത്തിയ എക്‌സ്‌റേ പരിശോധനയിലാണ് വീട്ടമ്മയുടെ വയറ്റിൽ കത്രിക കണ്ടെത്തിയത്. അഞ്ച് വർഷത്തോളമായി താൻ വേദന കടിച്ചമർത്തുകയായിരുന്നുവെന്നാണ് ഉഷ ജോസഫ് പറഞ്ഞത്.
ഉഷയുടെ സിടി സ്‌കാൻ അടക്കം പൂർത്തിയായിട്ടുണ്ട്. ഇന്ന് തന്നെ ശസ്ത്രക്രിയ നടത്താൻ പറ്റുമോ എന്നതിന്റെ സാധ്യതയാണ് തേടുന്നത്. വിദഗ്ദ സംഘം രൂപീകരിച്ചുള്ള പരിശോധനയായിരിക്കും നടത്തുക. വിഷയത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ഉഷയുടെ ഭർത്താവ് പ്രതികരിച്ചു.