എന്ത് വൃത്തികേടും പറയുന്ന ഗൂഢസംഘത്തെ പ്രോത്സാഹിപ്പിക്കുന്നയാളാണ് വിഡി സതീശൻ: മുഖ്യമന്ത്രി
പ്രതിപക്ഷത്തെയും വിഡി സതീശനെയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് ആകുമ്പോൾ വിമർശനങ്ങൾ സ്വാഭാവികമാണ്. എന്നാൽ അത്തരം വിമർശനങ്ങൾ ഉന്നയിക്കാൻ പോലും പ്രതിപക്ഷത്തിന് സാധിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഡി സതീശൻ എന്ത് വൃത്തികേടും പറയുന്ന ഗൂഢ സംഘത്തെ പ്രോത്സാഹിപ്പിക്കുന്നയാളാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
നുണകളെ ആശ്രയിച്ചാണ് പ്രതിപക്ഷം പ്രവർത്തിക്കുന്നത്. പ്രൊഫഷണൽ ഏജൻസികളെ വെച്ച് നുണ പ്രചരിപ്പിക്കുകയാണ്. തെരഞ്ഞെടുപ്പിന് തൊട്ടു മുൻപുള്ള നിയമസഭാ സമ്മേളനങ്ങൾ സാധാരണ എരി പിരികൊള്ളിക്കാറുണ്ട്. എന്നാല് പ്രതിപക്ഷം കാര്യമായ എതിർപ്പ് ഉന്നയിച്ചില്ല. അത്തരമൊരു അവസരം ലഭിച്ചിട്ടും പ്രതിപക്ഷം ഒന്നും ചെയ്തില്ല. കാരണം ഒന്നും പറയാൻ പ്രതിപക്ഷത്തിനില്ല.
എന്ത് വൃത്തികേടും വിളിച്ചു പറയുന്ന ഗൂഢസംഘത്തെ പ്രോത്സാഹിപ്പിച്ച ആളാണ് പ്രതിപക്ഷ നേതാവ്. പ്രതിപക്ഷ നേതാവിന്റെ അനുയായിക്കെതിരെ ആരോപണം വന്നപ്പോൾ ഇരകളെ അധിക്ഷേപിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ കൂടി അനുമതിയോടുകൂടിയാണ് അത് നടന്നത്. പ്രതിപക്ഷ നേതാവ് ഉപദേശിക്കുമ്പോൾ ജനം അതിനെ ഉൾച്ചിരിയോടെയാണ് കാണുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.