എൽഡിഎഫ് സ്ഥാനാർഥിയാകുമോ; വ്യക്തമായ മറുപടി നൽകാതെ അബ്ദുറഹ്മാൻ രണ്ടത്താണി
മുസ്ലിം ലീഗ് വിട്ട് ഇടത് സ്ഥാനാർഥിയാകുമെന്ന അഭ്യൂഹങ്ങൾക്കിടെ മാധ്യമങ്ങളെ കണ്ട് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി. ആദർശപരമായി താൻ ലീഗുകാരനാണ്. ഇന്നുവരെ ആ ട്രാക്കിൽ നിന്ന് തെറ്റിപ്പോയിട്ടില്ല. ഫേസ്ബുക്ക് പോസ്റ്റിനെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും രണ്ടത്താണി പറഞ്ഞു
എൽഡിഎഫ് സ്ഥാനാർഥിയാകുമോ എന്ന ചോദ്യത്തിന് ഇത്തരം കാര്യങ്ങളെ കുറിച്ച് പ്രതികരിക്കാനില്ലെന്നാണ് രണ്ടത്താണി മറുപടി നൽകിയത്. സിപിഎം നേതാക്കളുമായി സംസാരിച്ചോ എന്ന ചോദ്യത്തിന് ഈ പരിസരത്തുള്ള സിപിഎം നേതാക്കളുമായെല്ലാം തനിക്ക് സൗഹൃദമുണ്ടല്ലോ എന്നായിരുന്നു മറുപടി.
രണ്ടത്താണയുമായി സിപിഎം മലപ്പുറം ജില്ലാ നേതൃത്വം ചർച്ച നടത്തിയിട്ടുണ്ട്. അബ്ദുറഹ്മാൻ രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റ് നൽകാനാണ് ധാരണയായത്. സിപിഐ മത്സരിക്കുന്ന സീറ്റാണിത്. പകരം സിപിഐക്ക് വള്ളിക്കുന്ന് സീറ്റ് നൽകും.