{"vars":{"id": "89527:4990"}}

നിങ്ങൾ വെറും അലമ്പന്മാർ; ബെംഗളൂരുവിൽ പ്രവർത്തകർക്ക് നേരെ ആഞ്ഞടിച്ച് മല്ലികാർജുൻ ഖാർഗെ

 

ബെംഗളൂരുവിൽ നടന്ന 'സങ്കൽപ്പ് സമാവേശ' പരിപാടിക്കിടെയാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രവർത്തകർക്കെതിരെ അതൃപ്തി പ്രകടിപ്പിച്ചത്. ഖാർഗെ പ്രസംഗിച്ചുകൊണ്ടിരിക്കെ, പ്രവർത്തകർ കൂട്ടത്തോടെ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് അനുകൂലമായി മുദ്രാവാക്യം വിളിക്കുകയായിരുന്നു.

​തുടർച്ചയായി മുദ്രാവാക്യങ്ങൾ ഉയർന്നതോടെ പ്രസംഗം നിർത്തി വെച്ച ഖാർഗെ, പ്രവർത്തകരെ "യൂസ്‌ലെസ് ഫെലോസ്" (Useless fellows - അലമ്പന്മാർ/ഫലമില്ലാത്തവർ) എന്ന് വിളിച്ചാണ് വിമർശിച്ചത്. "ഇത് ഒരു വ്യക്തിയുടെ പരിപാടിയല്ല, ഇതൊരു പാർട്ടി പരിപാടിയാണ്. ഇവിടെ നിന്ന് മുദ്രാവാക്യം വിളിച്ചാൽ രാജ്യത്തിന് എന്തെങ്കിലും ഗുണമുണ്ടോ?" എന്ന് അദ്ദേഹം ചോദിച്ചു.

​പാർട്ടിയിൽ അച്ചടക്കം അത്യാവശ്യമാണെന്നും, താൻ 58 വർഷത്തെ രാഷ്ട്രീയ പാരമ്പര്യമുള്ള നേതാവാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ച്, മുദ്രാവാക്യം വിളിച്ചവർക്കെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഖാർഗെ മുന്നറിയിപ്പ് നൽകി. പരിപാടിയിൽ ഡി.കെ. ശിവകുമാർ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ സന്നിഹിതരായിരുന്നു.