അനന്ത്‌നാഗിൽ ഭീകരാക്രമണം; പോലീസിനു നേരെ വെടിയുതിർത്തു; ഹെഡ് കോൺസ്റ്റബിളിന് വീരമൃത്യു
ശ്രീനഗർ: ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗിൽ സുരക്ഷാ സേനയ്ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ജമ്മു കശ്മീർ പോലീസ് ഹെഡ് കോൺസ്റ്റബിളിന് വീരമൃത്യു. ബദ്ഗാം സ്വദേശിയായ ആഷിഖ് ഹുസൈൻ ഖുറേഷിയാണ് കൊല്ലപ്പെട്ടത്.
അനന്ത്‌നാഗ് ടൗണിലെ ലാൽ ചൗക്കിന് സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് സംഘത്തിന് നേരെയാണ് അക്രമികൾ പെട്ടെന്ന് വെടിയുതിർത്തത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ആഷിഖ് ഹുസൈനെ ഉടൻ തന്നെ അനന്ത്‌നാഗ് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അമർനാഥ് തീർഥാടനത്തിന്റെ ഭാഗമായി മേഖലയിൽ കടുത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതിനിടെയാണ് ഈ ആക്രമണം ഉണ്ടായിരിക്കുന്നത്. സംഭവത്തിന് പിന്നാലെ പോലീസും സംയുക്ത സുരക്ഷാ സേനയും പ്രദേശം വളഞ്ഞ് തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
ലഷ്‌കർ-ഇ-തൊയ്ബയുടെ നിഴൽ സംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ട് (TRF) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി റിപ്പോർട്ടുകളുണ്ട്. അക്രമികളെ കണ്ടെത്താനായി തിരച്ചിൽ ഊർജിതമായി തുടരുകയാണ്.