{"vars":{"id": "89527:4990"}}

ഫേസ്ബുക്കിൽ വീണ്ടും സാങ്കേതിക തകരാർ; അക്കൗണ്ടുകൾ തുറക്കാനാകാതെ ഉപയോക്താക്കൾ

 

ന്യൂഡൽഹി: സമൂഹമാധ്യമമായ ഫേസ്ബുക്കിൽ വ്യാപക സാങ്കേതിക തകരാർ നേരിടുന്നതായി വിവിധ രാജ്യങ്ങളിലെ ഉപയോക്താക്കൾ പരാതിപ്പെടുന്നു. ഫേസ്ബുക്ക് അക്കൗണ്ടിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുമ്പോൾ “Account Temporarily Unavailable” എന്ന സന്ദേശമാണ് പലർക്കും ലഭിക്കുന്നത്.

“സൈറ്റിലുണ്ടായ പ്രശ്നത്തെ തുടർന്ന് അക്കൗണ്ട് താൽക്കാലികമായി ലഭ്യമല്ലെന്നും ഏതാനും മിനിറ്റുകൾക്കുശേഷം വീണ്ടും ശ്രമിക്കണമെന്നും” അറിയിക്കുന്ന സന്ദേശമാണ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. മൊബൈൽ ആപ്പിലൂടെയും വെബ് ബ്രൗസറിലൂടെയും അക്കൗണ്ട് തുറക്കാൻ കഴിയുന്നില്ലെന്നാണ് ചില ഉപയോക്താക്കളുടെ പരാതി.

ഞായറാഴ്ച രാവിലെ മുതൽ ഫേസ്ബുക്ക് ലഭ്യമാകുന്നില്ലെന്ന് നിരവധി ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തതായി നോർവീജിയൻ മാധ്യമമായ VG റിപ്പോർട്ട് ചെയ്തു. ചില പ്രദേശങ്ങളിൽ മൊബൈൽ പതിപ്പിനെയാണ് പ്രശ്നം കൂടുതലായി ബാധിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.  

ഔട്ടേജ് നിരീക്ഷണ സേവനമായ ഡൗൺഡിറ്റക്ടറിലും ഫേസ്ബുക്കുമായി ബന്ധപ്പെട്ട പരാതികൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിൽ ഉപയോക്താക്കൾക്ക് ലോഗിൻ, പേജ് ലോഡിങ്, ഫീഡ് റിഫ്രഷ് തുടങ്ങിയവയിൽ പ്രശ്നങ്ങൾ നേരിടുന്നതായാണ് വിവരം.  

അതേസമയം, മെറ്റയുടെ ബിസിനസ് ഉൽപ്പന്നങ്ങളുടെ ഔദ്യോഗിക സ്റ്റാറ്റസ് പേജിൽ നിലവിൽ വലിയ തകരാറുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഫേസ്ബുക്കിലെ സാധാരണ ഉപയോക്തൃ സേവനവുമായി ബന്ധപ്പെട്ട പ്രശ്നത്തെക്കുറിച്ച് മെറ്റ ഔദ്യോഗിക വിശദീകരണം പുറത്തുവിട്ടിട്ടില്ല.  

ഇത് അക്കൗണ്ട് ഹാക്ക് ചെയ്തതോ അക്കൗണ്ട് സസ്‌പെൻഡ് ചെയ്തതോ ആയിരിക്കണമെന്നില്ല. ഫേസ്ബുക്കിന്റെ സർവർ ഭാഗത്തുള്ള താൽക്കാലിക സാങ്കേതിക പ്രശ്നമായിരിക്കാനാണ് സാധ്യത. അതിനാൽ പാസ്‌വേഡ് തുടർച്ചയായി മാറ്റുകയോ അക്കൗണ്ട് റിക്കവറി നടപടികൾ ആരംഭിക്കുകയോ ചെയ്യാതെ കുറച്ചുസമയം കഴിഞ്ഞ് വീണ്ടും ശ്രമിക്കുന്നതാണ് ഉചിതം.